മുക്കം: ഹോട്ടൽ ജോലിക്കാരിയായ അറുപത്തഞ്ചുകാരി ആട്ടോ യാത്രയ്ക്കിടെ കവർച്ചയ്ക്ക് ഇരയായതിനു പുറമെ ക്രൂരമായി പീഡിപ്പിക്കപ്പെട്ടതായും വ്യക്തമായതോടെ പ്രതിയായ ആട്ടോ ഡ്രൈവറെ കണ്ടെത്താൻ പൊലീസ് സംഘം അന്വേഷണം ഊർജ്ജിതമാക്കി. ഇയാളെ ഇതുവരെയും തിരിച്ചറിഞ്ഞിട്ടില്ല. സിസി ടി വി യൊന്നുമില്ലാത്ത സ്ഥലമായതിനാൽ വാഹനത്തെക്കുറിച്ച് സൂചന കിട്ടാത്തത് പൊലീസിനെ കുഴക്കുകയാണ്. മുത്തേരിയിലും മുക്കത്തും പരിസരപ്രദേശങ്ങളിലുമുള്ള മുഴുവൻ ആട്ടോ ഡ്രൈവർമാരിൽ നിന്നും വിവരം ശേഖരിക്കുന്നുണ്ട്.
തലയ്ക്കുൾപ്പെടെ സാരമായി പരിക്കേറ്റ മുത്തേരി സ്വദേശിയായ വൃദ്ധ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഒഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയ ശേഷം ആട്ടോ ഡ്രൈവർ കൈകാലുകൾ കെട്ടിയിട്ട് പീഡിപ്പിച്ചതായാണ് ഇവരുടെ മൊഴി.
റൂറൽ എസ്.പി ഡോ.എ.ശ്രീനിവാസ് ഇന്നലെ സ്ഥലത്തെത്തി അന്വേഷണം വിലയിരുത്തി. താമരശ്ശേരി ഡിവൈ.എസ്.പി ടി.കെ.അഷ്റഫിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇവരിൽ നിന്നു മൊഴിയെടുത്തു. ഡോഗ് സ്ക്വാഡും സ്ഥലത്ത് പരിശോധന നടത്തി. മുക്കം ഇൻസ്പെക്ടർ ബി.കെ സിജുവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിനാണ് അന്വേഷണച്ചുമതല.
മുത്തേരിയിലെ വീട്ടിൽ തനിച്ചു കഴിയുന്ന ഇവർ കഴിഞ്ഞ വ്യാഴാഴ്ച രാവിലെ ഹോട്ടലിലേക്ക് ജോലിയ്ക്കു പോകാൻ ഇറങ്ങിയപ്പോൾ അതുവഴി വന്ന ആട്ടോറിക്ഷയിൽ കയറിയതായിരുന്നു. ഓട്ടത്തിനിടെ, ഡ്രൈവർ വണ്ടിയ്ക്ക് ചെറിയ തകരാറുണ്ടെന്നും ചെക്ക് ചെയ്യണമെന്നും പറഞ്ഞ് മുക്കം ഭാഗത്തേക്ക് തിരിച്ചുവെന്ന് വൃദ്ധ പറയുന്നു. കാപ്പുമലയിൽ ആളൊഴിഞ്ഞ സ്ഥലത്ത് നിറുത്തി ബലമായി പിടിച്ചുകൊണ്ട് പോയാണ് ഉപദ്രവിച്ചത്. കത്രിക ഉപയോഗിച്ച് വസ്ത്രങ്ങൾ കീറി. ശബ്ദിച്ചാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. പെട്ടെന്ന് ബോധം നഷ്ടപ്പെട്ടു. ബോധം വന്നപ്പോൾ ഒരു പരിചയവുമില്ലാത്ത സ്ഥലത്താണ്. കാലിലെ കെട്ട് എങ്ങനെയോ അഴിച്ച്, കുറച്ചപ്പുറത്ത് കണ്ട വീട്ടിൽ ചെന്ന് കൈയിലെ കെട്ടഴിപ്പിക്കുകയായിരുന്നു. ഇതിനിടയ്ക്ക് സ്വർണമാലയും കമ്മലും പേഴ്സുമെല്ലാം നഷ്ടമായിരുന്നുവെന്നാണ് മൊഴി.