നരിക്കുനി: പണമില്ലാതെ പട്ടിണി കിടന്ന് വലയുന്നവർക്ക് ഒരു ആശ്വാസ വാർത്ത. നിങ്ങൾ നരിക്കുനിയിലാണ് ഉള്ളതെങ്കിൽ ഒരു ആശങ്കയും വേണ്ട. ധൈര്യമായി ബസ് സ്റ്റാൻഡിലെ സുൽത്താൻ ഹോട്ടലിലേക്ക് പോയിക്കോളൂ. നിങ്ങളെ കാത്ത് അവിടെ സലീം ഉണ്ടാകും. ഭക്ഷണത്തിന് നിവൃത്തിയില്ലാതെ വലയുന്നവർക്ക് സൗജന്യമായി ഭക്ഷണം നൽകുകയാണ് ഈ ഹോട്ടൽ ഉടമ. കൊറോണ സാമ്പത്തിക പ്രതിസന്ധി മൂലം ഭക്ഷണത്തിന് ബുദ്ധിമുട്ടുന്നവർക്ക് ഭക്ഷണം സൗജന്യം എന്ന ബോർഡ് സ്ഥാപിച്ചാണ് ഇദ്ദേഹത്തിന്റെ ഇടപെടൽ.
ഓരോ ദിവസവും നാലോ അഞ്ചോ ആളുകൾ ഭക്ഷണത്തിനായി യാചിക്കാറുണ്ട്. ഇത്തരം അവസ്ഥ കണ്ടാൽ സഹായിക്കാതിരിക്കാൻ കഴിയില്ല. ചിലരാകട്ടെ നാണക്കേട് കൊണ്ട് വരാൻ മടിക്കും. ഇവർക്ക് കൂടി സഹായം ലഭ്യമാക്കാനാണ് ബോർഡ് സ്ഥാപിച്ചത്. ഇക്കാര്യം ശ്രദ്ധയിൽ പെട്ട ഒരു പ്രവാസി ഗുണഭോക്താക്കളുടെ സ്ഥിതി അന്വേഷിച്ച് ഭക്ഷണം വീട്ടിൽ എത്തിക്കാൻ സഹായം വാഗ്ദാനം ചെയ്തിരുന്നു.
കൊവിഡ് കാലത്ത് സർക്കാർ കമ്യൂണിറ്റി കിച്ചൺ തുടങ്ങിയിരുന്നു. കുടുംബശ്രീ മുഖേന പലയിടത്തും 20 രൂപയ്ക്ക് ഊൺ നൽകുന്നുണ്ടെങ്കിലും നരിക്കുനി പഞ്ചായത്തിൽ ഈ സംവിധാനമില്ല. ഹോട്ടലുകളിലെ ചെലവ് പാവങ്ങൾക്ക് താങ്ങാനാകാത്ത സാഹചര്യവുമുണ്ട്. നഗരത്തിൽ ജനത്തിരക്ക് കുറഞ്ഞ് വ്യാപാരം പ്രതിസന്ധിയിലായ ഘട്ടത്തിലാണ് ഉടമ ഇത്തരത്തിൽ കാരുണ്യത്തിന് തയ്യാറായത്.