കൊടിയത്തൂർ: വായനയുടെ നിലയ്ക്കാത്ത വസന്തം ചൊരിഞ്ഞ വൈക്കം മുഹമ്മദ് ബഷീറിന്റെ 26-ാം ഓർമ്മ ദിനത്തിൽ എസ്.കെ.യുപി സ്‌കൂൾ മീഡിയാ ടീം ഇക്കുറി 'ബഷീർ സ്‌പെഷ്യൽ എഡിഷൻ' വിരുന്നുമായി 'വിഭവ'ങ്ങൾ വിളമ്പി.
ജീവിത യാഥാർത്ഥ്യങ്ങളുടെ കയ്പും മധുരവും നർമ്മരസക്കൂട്ടിൽ ചാലിച്ച് എഴുത്തിന്റെ വിസ്‌മയലോകം തീർത്ത 'ഇമ്മിണി ബല്യ' സുൽത്താന്റെ കഥകൾ പറയാൻ ഒരിക്കൽ കൂടി അവർ ഒത്തുകൂടുകയായിരുന്നു. എല്ലാ വർഷവും ദിനാചരണവുമായി ബന്ധപ്പെട്ട് വ്യത്യസ്തങ്ങളായ പ്രവർത്തനങ്ങൾക്കൊടുവിൽ വിദ്യാർത്ഥികളെയുമായി ബേപ്പൂർ സുൽത്താന്റെ വൈലാലിൽ വീട്ടിലെത്തുന്നതാണ് പതിവ്. കൊവിഡിന്റെ പശ്ചാത്തലത്തിൽ ഇത്തവണ അത് തെറ്റിയെങ്കിലും സ്‌കോപ്പ് റേഡിയോ, എസ്.കെ.യു.പി മീഡിയ യൂ ട്യൂബ് ചാനൽ വഴിയും സ്റ്റൈലൻ വിരുന്നൊരുക്കുകായിയിരുന്നു.
യൂ ട്യൂബ് ചാനലിൽ പ്രശസ്ത സാഹിത്യകാരൻ ഡോ.എം.എൻ കാരശ്ശേരി, വൈക്കം മുഹമ്മദ് ബഷീറിന്റെ മക്കളായ അനീസ് ബഷീർ, ഷാഹിന ബഷീർ എന്നിവർ ബഷീറോർമ്മകൾ പങ്ക് വെച്ചു. പ്രധാനാദ്ധ്യാപിക വി.ഉമ്മാച്ചക്കുട്ടി, മജീദ് പൂത്തൊടി എന്നിവർ സംസാരിച്ചു.
മുശ്താഖ്, സിനാൻ എന്നീ കൂട്ടുകാർ ബഷീർമാല അവതരിപ്പിച്ചു. ബഷീറിന്റെ ഇഷ്ടഗായകൻ സൈഗാളിന്റെ സോ ജാ രാജകുമാരി ഗാനത്തിന്റെ പശ്ചാത്തലത്തിൽ റേഡിയോയിലെ ഫോൺ ഇൻ പരിപാടിയിൽ ഷാഹിന ബഷീർ അതിഥിയായെത്തി.
വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ഓൺലൈൻ പ്രശ്‌നോത്തരി മത്സരത്തിൽ എഴുനൂറിലധികം പേർ പങ്കാളികളായി. 134 ശരിയുത്തരക്കാരിൽ നിന്ന് തിരഞ്ഞെടുക്കെപ്പെട്ട പത്ത് പേർക്ക് പ്രധാനാദ്ധ്യാപിക വി.ഉമ്മാച്ചക്കുട്ടി സമ്മാനങ്ങൾ നൽകി. ചടങ്ങിന് എൻ.കെ.ദിനേശ്, പി.കെ ഫിറോസ്, എം.നസീർ എന്നിവർ നേതൃത്വം നൽകി.