കോഴിക്കോട്: നഗരത്തിലെ മൂന്ന് കടകളിലുണ്ടായ കവർച്ചയിൽ പൊലീസ് അന്വേഷണം ശക്തമാക്കി. യമുന ആർക്കേഡിലേയും സമീപത്തെ കെട്ടിടങ്ങളിലേയും സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു. കല്ലായ് റോഡിലെ യമുന ആർക്കേഡിലെ മൂന്ന് കടകളിലാണ് കഴിഞ്ഞ ദിവസം മോഷണം നടന്നത്. മോഷണമുണ്ടായ മഹാദേവ് സ്‌പെയേഴ്‌സിന് സമീപത്തെ കടയുടെ സി.സി.ടി.വി കാമറയിൽ പതിഞ്ഞ മോഷ്ടാവിന്റെ ദൃശ്യം പൊലീസിന് ലഭിച്ചു. മോഷണത്തിന് ഒന്നിലധികം പേരുണ്ടെന്നാണ് പൊലീസ് കരുതുന്നത്. വിരലടയാള വിദഗ്ദരും പരിശോധന നടത്തി. പ്രധാൻമന്ത്രി ജൻ ഔഷധി മെഡിക്കൽ ഷോപ്പിൽ നിന്ന് 20,500 രൂപയും മഹാദേവ് സ്‌പെയേഴ്‌സിൽ നിന്ന് 15,000 രൂപയുമാണ് മോഷ്ടിച്ചത്. അതെസമയം എക്സ്‌പ്രസ് കമ്മ്യൂണിക്കേഷൻ ആൻഡ് ഡി.ടി.പി സെന്ററിൽ നിന്ന് ഒന്നും മോഷണം പോയിട്ടില്ല.
രാജസ്ഥാൻ സ്വദേശിയായ ജഗ്മാല റാമിന്റേതാണ് മഹാദേവ് സ്‌പെയേഴ്‌സ് കട. മേശവലിപ്പിൽ ഉണ്ടായിരുന്ന ബില്ലുകളും മറ്റും വലിച്ചിട്ട നിലയിലായിരുന്നു. കെട്ടിടത്തിന്റെ താഴത്തെ നിലയിലാണ് കട. കെട്ടിടത്തിന്റെ ഒന്നാം നിലയിൽ പ്രവർത്തിക്കുന്ന പ്രധാൻമന്ത്രി ജൻ ഔഷധി മെഡിക്കൽ ഷോപ്പിന്റെ ഷട്ടർ തകർത്താണ് മോഷ്ടാവ് അകത്തു കയറിയത്. തൊട്ടടുത്താണ് തലശ്ശേരി സ്വദേശി പി.കെ. രജത്തിന്റെ എക്സ്‌പ്രസ് കമ്മ്യൂണിക്കേഷൻ ആൻഡ് ഡി.ടി.പി സെന്റർ. ഇവിടുത്തെ ചില്ല് വാതിൽ തകർക്കുകയും മേശയുടെ പൂട്ട് പൊളിക്കുകയും ചെയ്തിരുന്നു.