കുരുന്നുകളിൽ അറിവിന്റെ മധുരം പകരുന്ന മാതൃകാ അദ്ധ്യാപകനാവണം, അതായിരുന്നു പ്രഭാകരൻ മാഷുടെ മനസുനിറയെ. നിശ്ചയദാർഢ്യവും പരിശ്രമവും ചേർന്നപ്പോൾ സ്വപ്നം യാഥാർത്ഥ്യമായി. ആയിരക്കണക്കിന് കുഞ്ഞുങ്ങളുടെ പ്രിയപ്പെട്ട അദ്ധ്യാപകനും നല്ല രാഷ്ട്രീയക്കാരനുമായി ടി.കെ നാടിന്റെ ഹൃദയത്തിൽ ഇടം പിടിച്ചു. എളിമയാണ് ടി.കെ പ്രഭാകരന്റെ മുഖമുദ്ര. പുറമേരി കെ.വി.എൽ.പി സ്കൂളിലെ 32 വർഷത്തെ അദ്ധ്യാപക ജീവിതം മാഷിന്റെ കർമ്മപഥത്തിൽ തിളങ്ങുന്ന അദ്ധ്യായമാണ്. രാഷ്ട്രീയവും അദ്ധ്യാപനവും തനിക്ക് നന്നായി വഴങ്ങുമെന്ന് ജീവിതം കൊണ്ട് തെളിയിച്ചു.
@ അദ്ധ്യാപന ജീവിതം
ടി.കെ.പി യുടെ അച്ഛൻ നാരായണൻ നമ്പ്യാരും പിതാമഹനും അദ്ധ്യാപകരായിരുന്നു. പുറമേരി എൽ.പി സ്കൂൾ സ്ഥാപിച്ചത് മുത്തച്ഛനായിരുന്നു. ചുരുക്കത്തിൽ അദ്ധ്യാപക കുടുംബം. പുറമേരി എൽ.പി സ്കൂളിലായിരുന്നു ടി.കെയുടെ പ്രാഥമിക പഠനം. വടകര മടപ്പള്ളി കോളേജിൽ നിന്ന് ഉപരി പഠനം പൂർത്തിയാക്കി 1981ൽ പുറമേരി കെ.വി.എൽ.പി സ്കൂളിൽ അദ്ധ്യാപകനായി. ചുരുങ്ങിയ കാലത്തിനുള്ളിൽ വിദ്യാർത്ഥികളുടെ പ്രിയപ്പെട്ട അദ്ധ്യാപകനായി പേരെടുക്കാൻ പ്രഭാകരൻ മാസ്റ്റർക്ക് കഴിഞ്ഞു. 2004ൽ പ്രധാനാദ്ധ്യാപകനായി. നീണ്ട 32 വർഷത്തെ അദ്ധ്യാപന ജീവിതത്തിനുശേഷം 2013 ൽ സർവീസിൽ നിന്ന് വിരമിച്ചു.
@ ശ്രീരാമകൃഷ്ണ- സ്വാമി വിവേകാനന്ദ ട്രസ്റ്റും ടി.കെ.പി യും
സാമൂഹ്യ സേവന രംഗത്തും ചുവടുറപ്പിച്ചിട്ടുണ്ട് പ്രഭാകരൻ മാസ്റ്റർ. പുറമേരി ആസ്ഥാനമായി പാവങ്ങളുടെ ഉന്നതിക്കായി പ്രവർത്തിക്കുന്ന ശ്രീരാമകൃഷ്ണ- സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ ട്രഷററാണ് ടി.കെ.പി ദീർഘകാലം ട്രസ്റ്റിന്റെ സെക്രട്ടറിയായിരുന്നു. പുറമേരിയിലെ ഹോമിയോ ഡോക്ടർനാരായണൻ അടിയോടിയുടെ നേതൃത്വത്തിലായിരുന്നു ട്രസ്റ്റ് രൂപീകരണം. പിൽക്കാലത്ത് പുറമേരി ഉദയപുരം ക്ഷേത്രത്തിന് സമീപം വിവേകാനന്ദ മന്ദിരവും സ്ഥാപിച്ചു. 20 വർഷം മുമ്പ് ആരംഭിച്ച ട്രസ്റ്റിലൂടെ നിരവധി പാവപ്പെട്ട പെൺകുട്ടികളുടെ വിവാഹം നടത്താനും നിർധനരായവരെ വീടു നിർമ്മാണത്തിൽ സഹായിക്കാനും ട്രസ്റ്റിന് കഴിഞ്ഞു. പാവപ്പെട്ടവരെ സാമ്പത്തികമായി സഹായിക്കുന്ന പെൻഷൻ പദ്ധതിയാണ് ട്രസ്റ്റിന്റെ മറ്റൊരു സവിശേഷത. ജാതി- മത രാഷ്ട്രീയ പരിഗണനകളില്ലാതെ തിരഞ്ഞെടുക്കപ്പെട്ട 45 വയോധികർക്ക് മാസംതോറും പെൻഷൻ വിതരണം ചെയ്യുന്നുണ്ട്. കൂടാതെ ലോക്ക് ഡൗണിൽ സേവാഭാരതിയുടെ നേതൃത്വത്തിൽ 500 ഒാളം ഭക്ഷ്യധാന്യ കിറ്റുകളും വിതരണം ചെയ്തു. ട്രസ്റ്റിന്റെ പ്രവർത്തനങ്ങളിൽ പങ്കാളിയാവുന്നതിലൂടെ കുറേയേറെ നല്ല കാര്യങ്ങൾ ചെയ്യാനും ജനങ്ങളുമായി എപ്പോഴും ബന്ധം സ്ഥാപിക്കാനും കഴിയുന്നുണ്ടെന്ന് മാഷ് പറയുന്നു. വിദേശത്ത് കുടുങ്ങിയവരെ നാട്ടിലെത്തിക്കുന്ന പ്രവർത്തനങ്ങളിലും പങ്കാളിയായി. പുറമേരി വേട്ടയ്ക്കൊരു മകൻ ക്ഷേത്ര രക്ഷാധികാരികൂടിയാണ്. 1983 ജൂലായ് 17ന് വാഹനാപകടത്തിൽ അമ്മയും സഹോദരിയും നഷ്ടപ്പെട്ട തിന്റെ നൊമ്പരം നേട്ടങ്ങൾക്കിടയിലും വിങ്ങലായി മാഷിന്റെ മുഖത്ത് തെളിയുകയാണ്.
@ രാഷ്ട്രീയത്തിലേക്ക്
അദ്ധ്യാപകനായിരിക്കുമ്പോഴെ മനസിലുണ്ടായിരുന്നു രാഷ്ട്രീയം. സോഷ്യലിസ്റ്റ് പാർട്ടിയിലായിരുന്നു തുടക്കം. അടിയന്തരാവസ്ഥയ്ക്ക് ശേഷം ആർ.എസ്.എസിൽ ആകൃഷ്ടനായി. മൂന്ന് തവണ മേപ്പയ്യൂർ ബി.ജെ.പി നിയോജക മണ്ഡലം പ്രസിഡന്റ്, പാർട്ടി സംസ്ഥാന കമ്മിറ്റി അംഗം, കാർഷിക മോർച്ച ജില്ലാ പ്രസിഡന്റ്, നാഷണൽ ടീച്ചർ യൂണിയൻ ജില്ലാ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ ബി.ജെ.പി ഉത്തര മേഖലാ വൈസ് പ്രസിഡന്റാണ്. നിരവധി തവണ തിരഞ്ഞെടുപ്പിൽ മത്സരിച്ചു. 2006ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മേപ്പയ്യൂർ നിയോജക മണ്ഡലത്തിൽ മത്സരിച്ചിരുന്നു. ബി.ജെ.പിയിലെ മുതിർന്ന നേതാക്കളുമായി അടുത്ത ബന്ധമാണ് മാഷിന് ഉള്ളത്. 1991ൽ അയോദ്ധ്യയിൽ ബാബറി മസ്ജിദിന്റെ സ്ഥാനത്ത് രാമക്ഷേത്രം നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് രഥയാത്ര നടത്തിയ എൽ.കെ.അദ്വാനിയെ അറസ്റ്റ് ചെയ്തപ്പോൾ കേരളത്തിൽ ഹർത്താൽ പ്രഖ്യാപിക്കുന്നത് മാഷിന്റെ നേതൃത്വത്തിൽ കക്കട്ടിൽ വെച്ചാണ്. 2014ൽ ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു കേരളത്തിലെത്തിയപ്പോൾ വടകര പാർലമെന്റ് ചീഫ് ആയിരുന്നു ഇദ്ദേഹം. മിസോറാം ഗവർണർ പി.എസ്.ശ്രീധരൻ പിള്ള, വി.കെ. സജീവൻ, കെ.സുരേന്ദ്രൻ തുടങ്ങിയവരുമായി വേദി പങ്കിടാനും മാഷിന് സാധിച്ചിട്ടുണ്ട്.
@ രാഷ്ട്രീയ എതിരാളികൾക്കും സമ്മതൻ
രാഷ്ട്രീയ നിലപാടുകളിൽ ഉറച്ച് നിൽക്കുമ്പോഴും മറ്റ് രാഷ്ട്രീയ പാർട്ടി നേതാക്കളുമായി ഊഷ്മളമായ സൗഹൃദം സൂക്ഷിക്കാൻ പ്രഭാകരൻ മാസ്റ്റർ എന്നും ശ്രദ്ധിച്ചിരുന്നു. പ്രദേശത്ത് എന്ത് പ്രശ്നമുണ്ടായാലും ടി.കെ.പിക്ക് പരിഹാരം കാണാൻ കഴിയുമെന്ന വിശ്വാസം ജനങ്ങൾക്കുണ്ട്. വർഷങ്ങൾക്ക് മുമ്പ് നാദാപുരം മേഖല കലാപ കലുഷിതമായപ്പോൾ സമാധാനം പുനഃസ്ഥാപിക്കാൻ മാഷ് നടത്തിയ പ്രവർത്തനം ജനശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. തൂണേരിയിലുണ്ടായ കൊലപാതകത്തെ തുടർന്ന് വ്യാപക അക്രമം ഉണ്ടായപ്പോൾ ബി.ജെ.പി പ്രവർത്തകരെ കള്ളക്കേസിൽ കുടുക്കാനുള്ള നീക്കത്തിനെതിരെ ബി.ജെ.പി സംസ്ഥാന നേതാവ് കെ.സുരേന്ദ്രന്റെ നേതൃത്വത്തിൽ നാദാപുരത്ത് നിന്ന് വടകരയിലേക്ക് നടത്തിയ പദയാത്രയുടെ മുഖ്യ സംഘാടകൻ പ്രഭാകരൻ മാഷായിരുന്നു. ബി.ജെ.പി പ്രവർത്തകർക്കും കുടുംബങ്ങൾക്കും സംരക്ഷണം നൽകിയതും ഇദ്ദേഹത്തിന്റെ നേതൃത്വത്തിലായിരുന്നു. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളിധരൻ, കെ.ജി.മാരാർ, രാമൻ പിള്ള, ഒ.രാജഗോപാൽ, സി.കെ.പത്മനാഭൻ, ജെ.പി.നദ്ദ, പാർട്ടി വക്താവ് നരസിംഹ റാവു, പി.പി. മുകുന്ദൻ, പി.കെ.കൃഷ്ണദാസ് തുടങ്ങി നിരവധി നേതാക്കളുമായി സ്നേഹ ബന്ധം പുലർത്തുന്നു.
@ കുടുംബം
റിട്ട. അദ്ധ്യാപിക രതിയാണ് ഭാര്യ. എടച്ചേരി നോർത്ത് യു.പി സ്കൂൾ അദ്ധ്യാപികയായിരുന്നു. മൂത്ത മകൻ പി.ആർ.ശ്യാംജിത്ത് ജർമ്മൻ കമ്പനിയിൽ എൻജിനീയർ. ഭാര്യ ദിൽന ഒാഡിയോളജിസ്റ്റായി ജോലി ചെയ്യുന്നു. ഇളയ മകൻ പ്രേംജിത്ത് കുവൈറ്റിൽ നഴ്സാണ്. ഭാര്യ അമൃത എൻജിനീയറാണ്.