
കോഴിക്കോട്: ലോക്ക് ഡൗൺ പ്രതിസന്ധയിൽ നിന്ന് കര കയറാൻ മലബാറിൽ കെ.എസ്.ആർ.ടി.സിയുടെ റിലേ സർവീസ്. രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെ കോഴിക്കോട് - പാലക്കാട് റൂട്ടിലാണ് സർവീസ്. പൊതുഗതാഗതം പുനഃരാരംഭിച്ചെങ്കിലും സമീപ ജില്ലകളിലേക്ക് മാത്രമേ സർവീസിന് അനുമതിയുള്ളൂ. ഈ സാഹചര്യത്തിലാണ് ദീർഘദൂര യാത്രകൾക്കായി റിലേ സർവീസ് ആരംഭിച്ചത്. റിലേ കേന്ദ്രത്തിന് പെരിന്തൽമണ്ണയിലാണ് സൗകര്യമൊരുക്കിയത്. ആദ്യഘട്ടത്തിൽ 44 സർവീസുകളാണുള്ളത്.
പെരിന്തൽമണ്ണ റിലേ കേന്ദ്രം
പെരിന്തൽമണ്ണയിൽ നിന്ന് പാലക്കാട്ടേക്കും കോഴിക്കോട്ടേക്കും സർവീസുണ്ടാകും. കോഴിക്കോട്ട് നിന്ന് പാലക്കാട്ടേക്കുള്ളവരെ പെരിന്തൽമണ്ണയിൽ ഇറക്കും. ഈ സമയം പാലക്കാടേക്കുള്ള ബസ് അവിടെയുണ്ടാവും. കോഴിക്കോട് നിന്ന് കയറിയ യാത്രക്കാർക്ക് അതേസീറ്റിൽ പെരിന്തൽമണ്ണയിൽ നിന്ന് പാലക്കാടേക്കുള്ള ബസിൽ യാത്ര ചെയ്യാം. തിരിച്ച് കോഴിക്കോടേക്ക് വരുന്നവർക്കും ഇതേ രീതിയിലാണ് യാത്രാസൗകര്യം. ഒരു ഭാഗത്ത് നിന്നെത്തിയ യാത്രക്കാരെ കയറ്റിയതിന് ശേഷമേ മറ്റുള്ളവരെ അനുവദിക്കൂ.
ലക്ഷ്യം നഷ്ടം നികത്തൽ
യാത്രക്കാരെ കൂടുതൽ ആകർഷിക്കുന്നതിലൂടെ നഷ്ടം നികത്താനാവുമെന്നാണ് കെ.എസ്.ആർ.ടി. സിയുടെ പ്രതീക്ഷ. നേരത്തെ സെൻട്രൽ സോണിലും സൗത്ത്‌സോണിലും റിലേ സർവീസ് ആരംഭിച്ചിരുന്നു. മറ്റു ജില്ലകളിലേക്കുള്ള റിലേ സർവീസുകൾ ഉടനെ ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. ഇളവുകളെ തുടർന്ന് സർവീസ് പുനഃരാരംഭിച്ചെങ്കിലും മുൻ വർഷത്തെ അപേക്ഷിച്ച് 42,64,50,179 രൂപയുടെ നഷ്ടമാണ് ജൂണിൽ കെ.എസ്.ആർ.ടി.സിക്കുണ്ടായത്.
സർവീസ് നടത്തുന്ന ബസുകൾ
കോഴിക്കോട്- 11
മലപ്പുറം -11
പെരിന്തൽമണ്ണ -11
പാലക്കാട് -11