കോഴിക്കോട്: വടകര വില്ല്യാപ്പള്ളി സ്വദേശി അഭിജിത്ത് ബാലകൃഷ്ണന് ഒരു ആഗ്രഹമുണ്ട്; മുഖ്യമന്ത്രിയെ ഒന്നു കാണണം, താൻ വരച്ച പെൻസിൽ ചിത്രങ്ങൾ നേരിട്ട് സമ്മാനിക്കണം.
ചെറിയ ക്ലാസുകളിൽ പഠിക്കുമ്പോൾ ചിത്രരചനാ മത്സരങ്ങളിൽ പങ്കെടുത്ത അനുഭവം മാത്രമുള്ള അഭിജിത്തിനിന് ലോക്ക് ഡൗൺ ദിവസങ്ങൾ വര മിനുക്കിതെളിയിക്കാനുള്ള അവസരമായിരുന്നു. അങ്ങനെ കാൻവാസിൽ പിറന്ന ജീവസുറ്റ മുഖങ്ങളിലൂടെ അഭിജിത്തിന് കൂടുതൽ ആത്മവിശ്വാസമായി. യൂ ട്യൂബുൾപ്പെടെയുള്ള സോഷ്യൽ മീഡിയകളുടെ സഹായത്തോടെയാണ് വരയുടെ ബാലപാഠങ്ങൾ മനസിലാക്കിയത്. വരയത്രയും പെൻസിൽ ഉപയോഗിച്ചാണ്.
ആശാരിപ്പണിക്കാരനായ പുത്തൻപുരയിൽ ബാലകൃഷ്ണന്റെയും അനിതയുടെയും ഇളയ മകനാണ് അഭിജിത്ത്. അച്ഛന്റെ മരപ്പണിയിൽ നിന്ന് ബാക്കിവരുന്ന മരക്കഷ്ണങ്ങൾ ചെത്തി മിനുക്കി കഥകളി, ആമാടപ്പെട്ടി തുടങ്ങി കരകൗശല വസ്‌തുക്കൾ നിർമ്മിക്കാനും ഇപ്പോൾ സമയം കണ്ടെത്തുന്നുണ്ട്. മാഹി കോ-ഓപ്പറേറ്റിവ് ബി.എഡ് കോളേജിലെ അവസാന വർഷ വിദ്യാർത്ഥിയാണിപ്പോൾ അഭിജിത്ത്.
ആദ്യം കൂട്ടുകാരുടെ മുഖം
ഒപ്പം പഠിച്ചിരുന്ന സുഹൃത്തുക്കളുടെ മുഖമാണ് ആദ്യം അഭിജിത്ത് വരച്ചത്. അതിന് ഒരുപാടുപേർ ലൈക്കടിച്ചതോടെ ആത്മവിശ്വാസമായി. പിന്നീട് കോളേജിലെ പഠിപ്പിക്കുന്ന അദ്ധ്യാപകർ, രാഷ്ട്രീയ നേതാക്കൾ, കായിക - സിനിമാ താരങ്ങൾ, കുടുംബാംഗങ്ങൾ എന്നിങ്ങനെ ചിത്രങ്ങളും വരച്ചു. ഫേസ് ബുക്കിലും ഇൻസ്റ്റഗ്രാമിലും ഇവ ക്ലിക്കായി. തുടർന്ന് ചിത്രം വരയ്‌ക്കാൻ വിവിധ ഭാഗങ്ങളിൽ നിന്ന് ഫോൺ കോളുകളുമെത്തി. നൂറിവധികം ചിത്രങ്ങൾ ഇതിനകം വരച്ചു.