കോഴിക്കോട്: കൊവിഡ് കാലത്ത് കൈയ്യടി നേടി കുടുംബശ്രീ ജനകീയ ഹോട്ടലുകൾ. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ കാലത്ത് 20 രൂപക്ക് വിഭവ സമൃദ്ധമായ ഉച്ചഭക്ഷണം ഒരുക്കിയതോടെ പതിനായിരങ്ങളാണ് തേടിയെത്തിയത്. ഇതര നാടുകളിൽ നിന്നെത്തി കോഴിക്കോട് താമസിക്കുന്നവരാകട്ടെ, ഇവിടത്തെ പതിവുകാരുമായി.
മേയ് 21 നാണ് ആദ്യത്തെ ജനകീയ ഹോട്ടൽ വേങ്ങേരിയിൽ ഉദ്ഘാടനം ചെയ്തത്. ദിവസങ്ങൾക്കകം ആളുകൾ ക്യൂ നിൽക്കാൻ തുടങ്ങി. യാത്രയ്ക്കിടെ തെരുവോരങ്ങളിലെ ഉന്തുവണ്ടികളിൽ നിന്നും ഭക്ഷണം വാങ്ങാതെ വിശ്വസനീയമായ കുടുംബശ്രി ഭക്ഷണം മിതമായ വിലയ്ക്ക് ലഭിക്കുന്നത് കൊവിഡ് പ്രതിരോധത്തിന് സാഹായകമാണ്.
ഓരോ ഹോട്ടലിലും അഞ്ച് വീതം സ്ത്രീകൾക്കാണ് പുതുതായി തൊഴിൽ ലഭിച്ചത്. ഇന്നലെ നഗരത്തിലെ നാലാമത്തെ കുടുംബശ്രി ജനകീയ ഹോട്ടൽ മാങ്കാവിൽ മേയർ തോട്ടത്തിൽ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ എം.സി. അനിൽകുമാർ, അനിതരാജൻ, കൗൺസിലർ മനക്കൽ ശശി, നഗരസഭ സെക്രട്ടറി ബിനു ഫ്രാൻസിസ്, കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ പി.സി. കവിത, സി.ഡി.എസ് ചെയർ പേഴ്സൺ ഒ. രജിത, എൻ.എൽ.യു.എം സിറ്റി മിഷൻ മാനേജർ ജെയ്‌സൺ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. ഫോണിൽ ബുക്ക് ചെയ്തവർക്ക് അഞ്ച് രൂപ സർവീസ് ചാർജ് ഈടാക്കി ഭക്ഷണം എത്തിക്കും.
കോഴിക്കോട് നഗരത്തിൽ
വിറ്റത്
29629 പൊതികൾ