സുൽത്താൻ ബത്തേരി: വയനാട് എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡ് ഞായറാഴ്ച്ച രാത്രി ബത്തേരി മന്ദംകൊല്ലി ഭാഗത്ത് ബീനാച്ചി പനമരം റോഡിൽ വെച്ച് രണ്ടു മാരുതി സ്വിഫ്റ്റ് കാറുകളിലായി കടത്തികൊണ്ടു വന്ന 10 കിലോ കഞ്ചാവ് പിടികൂടി.

മലപ്പുറം ഏറനാട് സ്വദേശികളായ വിവേക് (25) മുഹമ്മദ് ഷിബിലി (23) എന്നിവരെ സംഭവ സ്ഥലത്ത് നിന്നും അറസ്റ്റ് ചെയ്തു. എക്‌സൈസ് പാർട്ടിയെ കണ്ട് ഓടിപ്പോയ കോഴിക്കോട് താമരശേരി സ്വദേശി മുഹമ്മദ് ഫവാസ് ,അടിവാരം സ്വദേശി പ്യാരി എന്നിവർക്കെതിരെ കേസെടുത്തു. എൻ.ഡി.പി.എസ് പ്രകാരമാണ് കേസെടുത്തത്. കൊവിഡ് 19 പശ്ചാത്തലത്തിൽ കർണ്ണാടകയിൽ നിന്നുള്ള ലഹരി വ്യാപനം കുറഞ്ഞിട്ടുള്ളതിനാൽ കോഴിക്കോട്, മലപ്പുറം ജില്ലകൾ വഴി വയനാട്ടിലേക്ക് കഞ്ചാവ് എത്തുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ എക്‌സൈസ് ഷാഡോ സംഘം ആവശ്യക്കാർ എന്ന നിലയിൽ ബന്ധപ്പെടുകയും രണ്ട് കിലോയുടെ ഒരു പാർസൽ കഞ്ചാവിന് അമ്പതിനായിരം രൂപ തോതിൽ വില ഉറപ്പിക്കുകയും ചെയ്തിരുന്നു. തുടർന്ന് താമരശ്ശേരി, അടിവാരം, കൽപറ്റ വഴി ബീനാച്ചിയിലേക്ക് രണ്ട് കാറുകളിലായി എത്തിയ നാലംഗ സംഘത്തെ നാടകീയമായാണ് എക്‌സൈസ് സംഘം കുടുക്കിയത്. എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ ജിമ്മി ജോസഫിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.

പ്രതികൾ സഞ്ചരിച്ച രണ്ട് മാരുതി സ്വിഫ്റ്റ് കാറുകളും എക്‌സൈസ് കസ്റ്റഡിയിലെടുത്തു.

രണ്ട് കാറുകളിലായി മന്ദംകൊല്ലിയിലെത്തിയ സംഘത്തിന് തുക നൽകുന്നതിൽ മനപൂർവ്വം കാലതാമസം വരുത്തി എക്‌സൈസ് സംഘം തന്ത്രപൂർവ്വം പ്രതികളെ വലയിലാക്കുകയായിരുന്നു. അതിനിടെ എക്‌സൈസ് പാർട്ടിയെ തിരിച്ചറിഞ്ഞ സംഘത്തിലെ രണ്ട്‌പേർ വാഹനം ഉപേക്ഷിച്ച് ഓടിരക്ഷപ്പെടുകയായിരുന്നു.

കഞ്ചാവുമായി പിടിയിലായ വിവേക്,മുഹമ്മദ് ഷിബിലി

കഞ്ചാവ്