മാർക്കറ്റുകളുടെ നിയന്ത്രണം പൊലീസിന്
കോഴിക്കോട്: കഴിഞ്ഞ ദിവസങ്ങളിൽ നിരവധി പേർക്ക് കൊവിഡ് സ്ഥിരീകരിക്കുകയും നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം കൂടുകയും ചെയ്ത സാഹചര്യത്തിൽ ജനങ്ങൾ കൂട്ടം ചേരുന്ന സ്ഥലങ്ങളിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. സമൂഹവ്യാപനത്തിലേക്ക് വഴുതുന്നത് തടയാനുള്ള നടപടികളുടെ ഭാഗമായാണ് ജില്ലാ കളക്ടർ എസ്.സാംബശിവ റാവുവിന്റെ ഇതു സംബന്ധിച്ച ഉത്തരവ്. നിയന്ത്രിതമേഖലയിൽ വാഹന ഗതാഗതവും പൊതുജനങ്ങളുടെ സഞ്ചാരവും തടയുന്നതിന് പൊലീസിനെ ചുമതലപ്പെടുത്തി.
വലിയങ്ങാടിയിലേക്ക്
ഒറ്റ വഴി മാത്രം
വലിയങ്ങാടിയിലേക്ക് പ്രവേശിക്കുന്നതിനും പുറത്തേക്ക് പോവുന്നതിനും ഒരോ വഴികൾ മാത്രം. വലിയങ്ങാടിയിൽ ചരക്കുമായി എത്തുന്ന വാഹനങ്ങൾക്കും ഇവിടെ നിന്ന് ചരക്കുമായി പുറത്തേക്ക് പോകുന്ന വാഹനങ്ങൾക്കും കർശന നിയന്ത്രണമുണ്ടാകും. മറ്റ് സ്ഥലങ്ങളിൽ നിന്നും അന്യസംസ്ഥാനങ്ങളിൽ നിന്നും എത്തുന്ന വാഹനങ്ങൾ വലിയങ്ങാടിയിൽ പ്രവേശിക്കുന്നതിന് മുമ്പായി രജിസ്‌ട്രേഷൻ നടത്തും. വാഹനത്തിലെ ജീവനക്കാരെ തെർമൽ സ്‌കാനിംഗിന് വിധേയരാക്കും.
രജിസ്‌ട്രേഷനു ശേഷം ടോക്കൺ ലഭിക്കുന്ന വാഹനങ്ങൾക്കുമാത്രമേ വലിയങ്ങാടിയിൽ പ്രവേശനം അനുവദിക്കുകയുള്ളൂ. ടോക്കണിൽ വാഹനം എത്തിയ ദിവസം, സമയം എന്നിവ രേഖപ്പെടുത്തും. വാഹനങ്ങൾ നിർബന്ധമായും അതേ ദിവസം തന്നെ ജില്ല വിട്ടുപോകണം. ജീവനക്കാർ ഒരു കാരണവശാലും വാഹനത്തിന് പുറത്തിറങ്ങാനോ മറ്റ് കടകളിൽ കയറിയിറങ്ങാനോ പാടില്ല. ഭക്ഷണം വലിയങ്ങാടിയിലെ കച്ചവടക്കാരുടെ സംഘടനാപ്രതിനിധികൾ വാഹനത്തിൽ എത്തിച്ചുനൽകും.
വലിയങ്ങാടിയ്ക്കകത്തുള്ള എല്ലാ ക്രോസ് റോഡുകളും അടച്ചിടും. ഇവിടങ്ങളിലെ താമസക്കാർക്കും കച്ചവടക്കാർക്കും മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളൂ. വലിയങ്ങാടി മേഖലയിലെ താമസക്കാർക്ക് റസിഡന്റ്സ് അസോസിയേഷനുകളുടെയും കച്ചവടക്കാർക്ക് അവരുടെ സംഘടനകളുടെയും നേതൃത്വത്തിൽ ബാഡ്‌ജുകൾ നൽകണം.
സാമൂഹിക അകലം പാലിച്ചു മാത്രമേ കടകളിൽ ഉപഭോക്താക്കളെ അനുവദിക്കാവൂ. എല്ലാവരും മാസ്‌ക് ഉപയോഗിക്കണം. എല്ലാവർക്കും സാനിറ്റൈസർ നൽകുന്നുവെന്ന് ഉറപ്പുവരുത്തുകയും വേണം. ഈ പ്രദേശങ്ങളിൽ അഞ്ചിൽ കൂടുതലാളുകൾ ഒത്തുചേരാൻ അനുവദിക്കില്ല. തൊഴിലാളികൾ വസ്ത്രം മാറാനും വിശ്രമിക്കാനും ഉപയോഗിക്കുന്ന മുറികളിൽ അണുനശീകരണം നടത്തിയിരിക്കണം. സാമൂഹിക അകലവും ഉറപ്പാക്കണം.
നിയന്ത്രിത മേഖലകൾ
വലിയങ്ങാടി, പാളയം, എസ്.എം.സ്ട്രീറ്റ്, സെൻട്രൽ മാർക്കറ്റ്
''നിയന്ത്രണം പാലിക്കാത്തവർക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കും. കോർപ്പറേഷൻ പരിധിയിൽ ഇതുവരെ കൈവിട്ടുപോയ അവസ്ഥയില്ല. ഉറവിടമറിയാത്ത മൂന്ന് കൊവിഡ് രോഗികളുമായി ബന്ധപ്പെട്ട 529 പേരുടെ സാമ്പിൾ പരിശോധനയ്ക്കയച്ചിട്ടുണ്ട്.
35 കടകളുടെ ലൈസൻസ് റദ്ദാക്കാൻ നടപടി സ്വീകരിച്ചു. മാസ്‌ക് ധരിക്കാത്ത 124 പേർക്ക് പിഴ ചുമത്തി''.........
തോട്ടത്തിൽ രവീന്ദ്രൻ,
മേയർ, കോഴിക്കോട് കോർപറേഷൻ)
" നഗരത്തിൽ രോഗം പടർന്നാൽ പിടിവിട്ട സാഹചര്യമാണുണ്ടാവുക. പ്രതിരോധപ്രവർത്തനങ്ങൾ ഫലപ്രദമാകാൻ ആളുകൾ സ്വയം നിയന്ത്രിക്കണം.
കോർപ്പറേഷനും ജില്ലാ ഭരണകൂടവും മികച്ച പ്രവർത്തനം നടത്തുന്നുണ്ട് "... എ. പ്രദീപ്കുമാർ എം.എൽ.എ