raju

കുറ്റ്യാടി: രോഗം ബാധിച്ച് അവശനായ രാജുവിന് (62) എടച്ചേരിയിലെ തണൽ അഗതിമന്ദിരം അഭയസ്ഥാനമായി. തിരുവനന്തപുരം സ്വദേശിയായ രാജു 2001-ൽ തൊട്ടിൽപാലം കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ മെക്കാനിക്കായി എത്തിയതായിരുന്നു. 15 വർഷം മുമ്പ് ജോലി ഉപേക്ഷിച്ച രാജു നിർമ്മാണത്തൊഴിലാളിയായി. പിന്നീട് നാട്ടിലേക്ക് പോയിട്ടേയില്ല. 15 വർഷമായി കാവിലുംപാറ തൊട്ടിൽപാലത്തെ കട വരാന്തകളിലാണ് അന്തിയുറക്കം.

രോഗബാധിതനായി അവശനിലയിൽ നിസ്സഹായാവസ്ഥയിൽ കഴിഞ്ഞ രാജുവിനെ നാട്ടുകാരായ മൂന്നു പേർ കുളിപ്പിച്ച് നല്ല വസ്ത്രം ധരിപ്പിച്ചു. കാവിലുംപാറ പഞ്ചായത്ത് രാജുവിനെ ഏതെങ്കിലും വൃദ്ധസദത്തിലേക്കോ ചിക്‌സാലയത്തിലേക്കോ മാറ്റാൻ ശ്രമിച്ചിരുന്നു. പരിശോധനകൾക്ക് ശേഷം ബന്ധുക്കളുടെ പരിചരണമാണ് വേണ്ടതെന്ന് ഡോക്ടർ പറഞ്ഞെങ്കിലും ആരെയും ഓർത്തെടുക്കാൻ നിലവിലെ അവസ്ഥയിൽ രാജുവിന് കഴിഞ്ഞില്ല. ജോലി ഉപേക്ഷിച്ചിട്ട് വർഷങ്ങളായെന്നതിനാൽ തൊട്ടിൽപാലം ഡിപ്പോയിൽ രാജുവിന്റേതായി രേഖകളെന്തെങ്കിലും കണ്ടെത്താനോ വിലാസം മനസ്സിലാക്കോനോ സാധിച്ചതുമില്ല. നേരത്തെ കൊല്ലം ചിന്നക്കടയിലും രാജു ജോലി ചെയ്തിരുന്നതായി വിവരമുണ്ട്.

കായക്കൊടിയിലെ സ്പർശം പാലിയേറ്റിവ് പ്രവർത്തകരാണ് ഇതിനിടയ്ക്ക് രാജുവിനെ കുറ്റ്യാടി ആശുപത്രിയിലെത്തിച്ചത്. തുടർന്ന് കൊവിഡ് പരിശോധനയ്ക്കു ശേഷം എടച്ചേരിയിലെ തണലിലേക്ക് അയക്കുകയുമായിരുന്നു.

ഡോ.കെ.ടി. അഖിൽ, സ്പർശം പാലിയേറ്റിവ് യൂണിറ്റ് വൈസ് ചെയർമാൻ പി.കെ.ഹമീദ്, ഇ.പി. അബുബക്കർ ഹാജി, സി.കെ.കാസിം, എം.കെ.മോഹൻദാസ്, കെ.വി. കണാരൻ, ടി. അശ്‌റഫ് തുടങ്ങിയവർ രാജുവിനെ യാത്രയാക്കാൻ കുറ്റ്യാടി ആശുപത്രിയിലെത്തിയിരുന്നു.