സുൽത്താൻ ബത്തേരി : സുൽത്താൻ ബത്തേരി അർബ്ബൻ ബാങ്കിൽ പുതുതായി ജീവനക്കാരെ നിയമിക്കുന്നതിൽ അഴിമതിക്ക് നടത്താൻ ഗൂഢാലോചന നടന്നതായും ഇതുസംബന്ധിച്ച് അന്വേഷണം നടത്തണമെന്നും സി.പി.എം നേതാക്കളായ ബേബി വർഗ്ഗീസ്, സുരേഷ്താളൂർ എന്നിവർ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.
ജൂനിയർ ക്ലർക്കുമാരുടെ 15 ഒഴിവുകളാണ് ബാങ്കിലുള്ളത്. ബോർഡ് നടത്തിയ പരീക്ഷയിൽ 141 ഉദ്യോഗാർത്ഥികൾ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ട്. ഈ ലിസ്റ്റിൽ നിന്ന് ഇന്റർവ്യു നടത്തി നിയമനം നടത്തേണ്ടത് ഭരണസമിതിയാണ്. ഭരണസമിതിക്ക് ഇന്റർവ്യുവിന് ഒരു ഉദ്യോഗാർത്ഥിക്ക് നൽകാൻ കഴിയുന്ന മാർക്ക് 20 ആണ്. മാർക്ക് മുഴുവനും നൽകാം എന്ന് പറഞ്ഞ് ഭരണസമിതിയിലെ ചിലർ കോഴ ആവശ്യപ്പെട്ടുകൊണ്ട് ഉദ്യോഗാർത്ഥികളെ സമീപിച്ചതായി സി.പി.എം.നേതാക്കൾ കുറ്റപ്പെടുത്തി. ഉദ്യോഗാർത്ഥികൾക്ക് ബന്ധപ്പെടേണ്ട നമ്പർ ചില കോൺഗ്രസ്‌ നേതാക്കൾ അയച്ചുകൊടുത്തതിന്റെ തെളിവ് ഹാജരാക്കാൻ തയ്യാറാണെന്ന് സി.പി.എം.നേതാക്കൾ പറഞ്ഞു.
ഇതിനുപുറമെ പ്യൂൺ നിയമനത്തിനും വ്യക്തികളെ സമീപിച്ച് പണം ആവശ്യപ്പെട്ടതായി ഇവർ ആരോപിച്ചു.

അഴിമതിക്ക് കൂട്ടുനിൽക്കാത്തതിനാണ് കെ.പി.തോമസിനെ ബാങ്ക് പ്രസിഡന്റ് സ്ഥാനത്ത് നിന്ന്‌ പുറത്താക്കിയത്.

നിയമനം സംബന്ധിച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് സഹകരണവകുപ്പ് മന്ത്രി, സഹകരണ രജിസ്ട്രാർ,സഹകരണ വിജിലൻസ്,ജോ.രജിസ്ട്രാർ എന്നിവർക്ക് പരാതി അയച്ചതായും നേതാക്കൾ പറഞ്ഞു.


വഴിയോരം തണൽ പദ്ധതി ഉദ്ഘാടനം ചെയ്തു
സുൽത്താൻ ബത്തേരി: ഒയിസ്‌ക സുൽത്താൻ ബത്തേരി ചാപ്റ്ററിന്റെ നേതൃത്വത്തിൽ കൈപ്പഞ്ചേരി റസിഡൻസ് അസോസിയേഷന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന വഴിയോരം തണൽ പദ്ധതി രാജീവ്ഗാന്ധി മിനി ബൈപാസ്‌ റോഡരുകിൽ തണൽ പൂമര തൈകൾ നട്ടുകൊണ്ട് മുനിസിപ്പൽ ചെയർമാൻ ടി.എൽ.സാബു നിർവ്വഹിച്ചു.
ഡോ.സജിജോസഫ് അദ്ധ്യക്ഷത വഹിച്ചു.വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ സി.കെ. സഹദേവൻ, കൗൺസിലർമാരായ ബാനുപുളിക്കൽ, എൽസി പൗലോസ്, ഷിഫാനത്ത്,ഒയിസ്‌ക സൗത്ത് ഇന്ത്യൻ ചാപ്റ്റർ പ്രതിനിധി വിനയകുമാർ അഴിപ്പുറത്ത്, ജില്ലാ പ്രസിഡന്റ് അഡ്വ.വേണുഗോപാൽ,ജോർജ് എന്നിവർ സംസാരിച്ചു. വി.സത്യനാഥൻ സ്വാഗതവും കെ.ഗോപകുമാർ നന്ദിയും പറഞ്ഞു.