രഘുനാഥ് സി.പി

വടകര ലോക്‌സഭാ മണ്ഡലത്തിൽ വികസനത്തിന്റെ പുത്തൻ യുഗം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് നീങ്ങുന്നതെന്ന് കെ.മുരളീധരൻ എം.പി.

ആദ്യവർഷത്തിൽ തന്നെ എം.പി ഫണ്ട് മുഖേന വടകര മണ്ഡലത്തിന്റെ പരിധിയിൽ രണ്ടര കോടി ചെലവഴിച്ചിട്ടുണ്ട്. ബാക്കി രണ്ടര കോടി ഉടൻ ചെലവഴിക്കാനാകുമെന്ന പ്രതീക്ഷയാണ്. പക്ഷേ, കേന്ദ്രത്തിന്റെ സമീപനം ഇക്കാര്യത്തിൽ മാറേണ്ടതുണ്ട്. കൊവിഡ് പശ്ചാത്തലത്തിൽ എം.പി ഫണ്ട് പെട്ടെന്ന് ഇല്ലാതായത് വല്ലാത്ത പ്രയാസമുണ്ടാക്കുകയായിരുന്നു. എന്നാൽ, 40 ലക്ഷം രൂപ ഇതിന് മുമ്പ് തന്നെ അനുവദിക്കാൻ സാധിച്ചുവെന്നതാണ് ആശ്വാസം. മെഡിക്കൽ കോളേജിലേക്ക് വെന്റിലേറ്ററും മറ്റും എത്തിച്ചതിന് പിറകെ തന്നെ 40 ലക്ഷം ചെലവായി. അപ്പോഴേക്കും ഫണ്ട് വരവും നിലച്ചു. തലശ്ശേരി ആശുപത്രിയ്ക്ക് വെന്റിലേറ്റർ കൊടുക്കാനും റാപ്പിഡ് ടെസ്റ്റ് കിറ്റ് നൽകാനും തീരുമാനിച്ചതായിരുന്നു. എന്നാൽ, സർജിക്കൽ മാസ്ക് എത്തിക്കാനേ സാധിച്ചുള്ളൂ പഞ്ചാബ് നാഷണൽ ബാങ്കിന്റെ സഹായത്തോടെ കൂത്തുപറമ്പ് താലൂക്ക് ആശുപത്രി, വടകര ജില്ലാ ആശുപത്രി, കുറ്റ്യാടി താലൂക്ക് ആശുപത്രി എന്നിവിടങ്ങളിൽ 20 വീതം പി.പി.ഇ കിറ്റ് നൽകാൻ കഴിഞ്ഞു. വിദേശത്ത് കുടുങ്ങിപ്പോയ പലർക്കും ഇൻകാസ്, കെ.എം.സി.സി എന്നിവയുടെ സഹായത്തോടെ ഫ്രീ ടിക്കറ്റ് നൽകി. പരിമിതികൾക്കിടയിലാണ് ഇത് ചെയ്തത്. വടകര റെയിൽവേ സ്റ്റേഷനിൽ വികസന നടപടികൾ തുടങ്ങിയിട്ടുണ്ട്. പക്ഷെ, പ്ലാറ്റ്ഫോം ഉയർത്തൽ അവിടെത്തന്നെ നിൽക്കുകയാണ്. മറ്റ് സജ്ജീകരണങ്ങളായി. കൊയിലാണ്ടി റെയിൽവേ സ്റ്റേഷൻ വികസനം മുല്ലപ്പള്ളിയുടെ കാലത്ത് തുടങ്ങിയതായിരുന്നു. കോൺട്രാക്ടർ പാതി വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. ഇത് പുന:രാരംഭിക്കുമ്പോഴേക്കും കൊവിഡ് വന്നു. ഇനി ഏറെ താമസിയാതെ പൂർത്തിയാക്കും. എം.പി ഫണ്ട് തിരിച്ചുകിട്ടിയാൽ പ്രാദേശിക വികസനം ഉറപ്പാക്കാം. കൊവിഡ് പ്രതിരോധത്തിനും ഇത് ഉപയോഗിക്കാം. പ്രധാനമന്ത്രിയുടെ സഞ്ചിത നിധിയിലേക്ക് ഫണ്ട് പോകുന്നതോടെ ഒന്നും കേരളത്തിന് കിട്ടില്ല. വടകരയുടെ കാശ് വഡോദരയ്ക്കാകും കൊടുക്കുക. കോഴിക്കോടോ കണ്ണൂരോ റെയിൽവേ പിറ്റ്‌ലൈൻ സ്ഥാപിക്കുകയെന്നത് സ്വപ്നപദ്ധതിയാണ്. നിലവിൽ മംഗളൂരു മാത്രമേ ഇതുള്ളൂ. പാലക്കാടാകട്ടെ ഇപ്പോഴാണ് അനുമതി ലഭിച്ചത്. തലശ്ശേരി റെയിൽവേയുടെ 50 ഏക്കർ സ്ഥലത്ത് പിറ്റ് ലൈൻ തുടങ്ങാൻ ആവശ്യപ്പെട്ടതാണ്. തലശ്ശേരി, വടകര, കൊയിലാണ്ടി റെയിൽവേ സ്റ്റേഷൻ വികസനത്തിനൊപ്പം ജഗന്നാഥ ടെമ്പിൾ സ്റ്റേഷനിൽ പ്ലാറ്റ് ഫോം നിർമ്മാണവും ലക്ഷ്യമിടുന്നുണ്ട്. കണ്ണൂർ എയർപോർട്ടിൽ കൂടുതൽ വിമാനങ്ങൾ എത്തുന്നതിന് കാര്യമായി ശ്രമിക്കുന്നുണ്ട്. സിവിൽ ഏവിയേഷൻ സ്റ്റാൻഡിംഗ് കമ്മിറ്രി അംഗമെന്ന നിലയിൽ അങ്ങേയറ്റം സമ്മർദ്ദം ചെലുത്തും. വന്ദേ ഭാരത് പദ്ധതിയിൽ കൂടുതൽ ഫ്ലൈറ്റുകൾ ഇവിടേക്ക് എത്തിക്കാൻ കഴിഞ്ഞു. ഇനി ഗൾഫിലേക്ക് കൂടുതൽ എയർ ഇന്ത്യ ഫ്ലൈറ്റുകൾ അയക്കാൻ കൂടി കഴിയണം. പ്രതിപക്ഷ എം.പി മാരെ സംസ്ഥാന സർക്കാരും അവഗണിക്കുന്ന പ്രവണതയുണ്ട്. എം.പി കോൺഫറൻസ് വിളിക്കാൻ പോലും മുഖ്യമന്ത്രി തയ്യാറായിട്ടില്ല. എം.എൽ.എമാരെ കൂടി ചേർത്തായിരുന്നു അവസാനത്തെ യോഗം. 29 എം.പിമാരുണ്ട് ഇവിടെ. എം.എൽ.എ മാരെ കൂടി പങ്കെടുപ്പിച്ച് യോഗം ചേർന്നാൽ എങ്ങനെ സമയം കിട്ടാനാണ് സംസാരിക്കാൻ. അതുകൊണ്ടുതന്നെ ഞങ്ങൾ പോയില്ല. കോഴിക്കോട്ട് എളമരം കരീമിനും മുനീറിനും മാത്രമാണ് സംസാരിക്കാൻ സമയം നൽകിയത്. എം.പി മാർക്ക് സംസാരിക്കാൻ സമയം അവസരം നൽകേണ്ടേ ?. ഇതൊക്കെ ചൂണ്ടിക്കാട്ടുമ്പോഴും ആക്ഷേപമാണ്, രാഷ്ട്രീയം പറയുന്നുവെന്ന്.

 മറച്ചുവെക്കുകയാണ് മുഖ്യമന്ത്രി;

സമൂഹവ്യാപനം പോലും

വാക്കിലെന്നല്ല, മുഖ്യമന്ത്രിയുടെ പ്രവൃത്തിയിലുമില്ല സുതാര്യത. പലതും മറച്ചുവെക്കുകയാണ് പിണറായി വിജയൻ. എന്തിന്, കൊവിഡ് സമൂഹവ്യാപനം പോലും. മുഖ്യമന്ത്രി പിണറായിക്കെതിരെ കെ.മുരളീധരൻ ഇങ്ങനെ ആഞ്ഞടിക്കുന്നത് കാര്യകാരണങ്ങൾ നിരത്തിയാണ്. കേരളത്തിൽ കൊവിഡ് മരണം വല്ലാതെ കൂടിയിട്ടില്ലെന്ന് മുഖ്യമന്ത്രി ആവർത്തിക്കുന്നുണ്ട്. രോഗികളുടെ വർദ്ധനവിന്റെ തോത് നോക്കുമ്പോൾ ഇവിടെ മരണം കൂടിയില്ലെന്നതിന്റെ കാരണം പതിറ്റാണ്ടുകളായി നിലനിറുത്തിപ്പോരുന്ന ആരോഗ്യ രംഗത്തെ മികവാണ്. എന്നാൽ, വൈറസ് സ്രോതസ് കണ്ടെത്താനാവാത്ത രോഗികളുടെ എണ്ണം കൂടുകയാണ്. അതിന്റെ അർത്ഥം സാമൂഹ്യവ്യാപനം ഉണ്ടെന്നല്ലേ. ദിവസവും വൈകിട്ട് കണക്കുകൾ നിരത്താൻ പ്രത്യക്ഷപ്പെടുന്ന മുഖ്യമന്ത്രി പക്ഷേ, ഇത് മറച്ച് വെക്കുകയാണ്. കൊവിഡ് വന്ന് മരിച്ചവരിൽ ചിലർക്ക് രോഗബാധയുണ്ടായത് ആശുപത്രിയിൽ എത്തിയ ശേഷമാണ്. തിരുവന്തപുരത്ത് പോത്തൻകോട് പ്രായം ചെന്ന ഒരാൾക്ക് കൊവിഡ് ബാധിച്ചത് ഇദ്ദേഹം മറ്റു ചികിത്സയ്ക്കായി എത്തിയപ്പോഴായിരുന്നു. യഥാർത്ഥത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നാണ് രോഗബാധ. റോഡപകടത്തിൽ തലയ്ക്ക് പരിക്കേറ്റ് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു. നേരത്തെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ച മാഹി സ്വദേശിയ്ക്ക് രോഗം വന്നത് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ നിന്നാണ്. ആരോഗ്യ വകുപ്പിന് സംഭവിച്ച വീഴ്ചകളാണ് ഇതിനെല്ലാം കാരണം. കൊവിഡ് ബാധിച്ച് കണ്ണൂരിൽ എക്സൈസ് ഉദ്യോഗസ്ഥനായ 28-കാരൻ മരിയ്ക്കാനിടയായത് യഥാസമയം ചികിത്സ കിട്ടാത്തതുമൂലമാണെന്ന് അദ്ദേഹത്തിന്റെ കുടുംബമടക്കം ആരോപിക്കുന്നു. ആ യുവാവിന്റെ ശബ്ദസന്ദേശം തന്നെ പുറത്തുവന്നതാണല്ലോ. കാര്യങ്ങൾ ശ്രദ്ധയിൽ പെടുത്തുമ്പോൾ അത് ഉൾക്കൊള്ളുകയല്ല, പകരം പ്രതിരോധിക്കാനാണ് ശ്രമം. പ്രതിപക്ഷം സർക്കാരിനോട് സഹകരിക്കുന്നില്ലെന്ന ആക്ഷേപവുമുണ്ടാകും പിന്നാലെ; മുരളീധരൻ പറയുന്നു.  സ്തുതിഗീതം മാത്രം പ്രവാസി മലയാളികളെ കുറിച്ച് സ്തുതിഗീതം പാടാൻ മുഖ്യമന്ത്രിയ്ക്ക് ഒരു മടിയുമില്ല. പക്ഷേ, അവരുടെ ജീവന്റെ പ്രശ്നം വന്നപ്പോൾ കണ്ടല്ലോ. വെറും കപടമാണ് പിണറായിയുടെ സ്നേഹമെന്നു തെളിഞ്ഞല്ലോ... വിദേശത്ത് നിന്നും മലയാളികളെ തിരികെ എത്തിക്കുന്നതിൽ സർക്കാരിന്റേത് തീർത്തും നെഗറ്റീവ് സമീപനമാണ്. കൊവിഡ് ക്വാറന്റൈൻ സെന്ററുകൾ ഒരുക്കുന്നതിലുൾപ്പെടെ സർക്കാരിന്റെ പരാജയം മറയ്ക്കാൻ കൂടുതൽ പ്രവാസികളുടെ വരവ് തടയാൻ നോക്കുകയായിരുന്നു. അതിനെതിരെയാണ് ഞങ്ങൾ പ്രതിപക്ഷക്കാർ പ്രതികരിക്കുന്നത്. പ്രതിപക്ഷ നേതാവടക്കം ഉപവാസം നടത്തിയത് ഈ നിഷേധാത്മക സമീപനത്തിനെതിരെയാണ്. നോൺ - കൊവിഡ് സർട്ടിഫിക്കറ്റില്ലാതെ പ്രവാസികൾ ഇവിടേക്ക് കടക്കേണ്ടെന്ന നിലപാട് മുഖ്യമന്ത്രി ആദ്യം കൈക്കൊണ്ടത് ഒരു തരത്തിലും നീതീകരിക്കാവുന്നതല്ല. പരിശോധനയുടെ ചെലവ് താങ്ങാനാവാത്ത അവസ്ഥയിലാണ് ബഹുഭൂരിപക്ഷം പ്രവാസികളും. മാസങ്ങളായി തൊഴിലില്ലാതെ, കൈയിൽ ഒരു വകയുമില്ലാതെ നരകിക്കുകയാണ് ഇവരിൽ നല്ലൊരു പങ്കും. സൗജന്യ ടിക്കറ്റിലാണ് ഇവരുടെയെല്ലാം നാട്ടിലേക്കുള്ള മടക്കം. ഗൾഫിൽ ആശുപത്രികളൊക്കെയും രോഗികളെ കൊണ്ട് നിറഞ്ഞിരിക്കുകയുമാണ്. അതുകൊണ്ട് രോഗനിർണയം കഴിഞ്ഞുള്ള വരവ് എളുപ്പവുമല്ല. എംബസി ഇടപെടണമെന്ന വാദമായിരുന്നു സംസ്ഥാന സർക്കാരിന്റേത്. പക്ഷെ, എംബസികൾ പ്രവാസികളുടെ വിഷയം കൈകാര്യം ചെയ്യുന്നതിൽ തികഞ്ഞ പരാജയമാണ്.  ഇതോ സാമൂഹിക അകലം? മുഖ്യമന്ത്രി സാമൂഹിക അകലത്തെ കുറിച്ചും നിരന്തരം ഓർമ്മിപ്പിക്കാറുണ്ട്. ടി.പി. വധക്കേസ്സിലെ പ്രതി പി.കെ.കുഞ്ഞനന്തന് അന്ത്യോപചാരം അർപ്പിക്കുന്നതിൽ ഇങ്ങനെയൊരു അകലമൊന്നും കണ്ടില്ലല്ലോ. അയ്യായിരത്തോളം പേരാണ് പാനൂർ നഗരത്തിൽ തിങ്ങിക്കൂടിയത്. കൊവിഡ് പ്രോട്ടോക്കോൾ സ്വന്തം പാർട്ടിക്കാർക്ക് ബാധകമല്ല. മറ്റാരും പക്ഷേ, അത് ലംഘിച്ചുകൂടാ... ഇതല്ലേ മുഖ്യമന്ത്രിയുടെ സമീപനം ?. കൊവിഡിനെ ചെറുക്കാൻ പ്രതിപക്ഷത്തെ കൂടി വിശ്വാസത്തിലെടുത്തുള്ള ഇടപെടലാണ് വേണ്ടത്. അതിന് പിന്തുണയുണ്ടാകും. അല്ലാതെ, തന്നിഷ്ടപ്രകാരം പോയാൽ അപകടമാകും.  ദുരിതാശ്വാസ ഫണ്ടിലും തിരിമറി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് നൽകിയ സംഭാവനകൾ പല കാലത്തും ദുരൂപയോഗം ചെയ്യപ്പെട്ടിട്ടുണ്ട്. പ്രളയ ഫണ്ടിൽ തട്ടിപ്പ് നടത്തിയ സംഭവത്തിൽ പാർട്ടി പ്രവർത്തകൻ അച്ചടക്കനടപടി നേരിടേണ്ടി വന്നു. ഇത്തരം തട്ടിപ്പുകൾ പുറത്തായതിനിടയിലാണ് കൊവിഡ് വന്നത്. ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകരുതെന്ന് ഞങ്ങൾ ഒരിക്കലും പറഞ്ഞിട്ടില്ല. ഞങ്ങൾ കൊടുക്കില്ലെന്നേ പറഞ്ഞുള്ളൂ. ആ തീരുമാനം ശരിയാണെന്ന് പിന്നീട് തെളിഞ്ഞു. ദുരിതാശ്വാസ നിധിയിൽ നിന്നു സഹായം കൊടുക്കുന്നതിലുമുണ്ട് തികഞ്ഞ രാഷ്ട്രീയം. സി.പി.എമ്മിന് വേണ്ടപ്പെട്ടവർക്ക് ലക്ഷങ്ങൾ കൊടുക്കും. പ്രതിപക്ഷ എം.എൽ.എമാർ ആവശ്യപ്പെട്ടാൽ നിസ്സാര തുക മാത്രം. വാർത്താസമ്മേളനം ചീത്തവിളിക്കാൻ! കൊവിഡ് കണക്കുകൾ വിശദീകരിക്കാനായുള്ള മുഖ്യമന്ത്രിയുടെ പ്രതിദിന വാർത്താസമ്മേളനം പ്രതിപക്ഷത്തെ ചീത്ത വിളിക്കുന്ന വേദിയാക്കി മാറ്റിയിരിക്കുകയാണ്. ചീഫ് സെക്രട്ടറിയെ കൂടി വേദിയിൽ ഇരുത്തിയാണ് രാഷ്ട്രീയ പുലഭ്യം പറച്ചിൽ. മറ്റുള്ളവരെ സംസ്കാരം പഠിപ്പിക്കുന്ന മുഖ്യമന്ത്രി തനിക്ക് അങ്ങനെയൊന്നില്ലെന്ന് തെളിയിക്കുകയാണ്. കൊവിഡ് കാര്യത്തിലും വൺമാൻ ഷോ കാണിക്കുകയാണ് പിണ്രായി. ആരോഗ്യമന്ത്രി ശൈലജ ടീച്ചറെ അടുത്ത് ഇരുത്തുന്നുവെന്നല്ലാതെ വായ തുറക്കാൻ സമ്മതിക്കാറില്ല. രാഷ്ട്രീയ എതിരാളികളെ കുറിച്ച് പ്രയോഗിക്കുന്ന ഭാഷ ഒരു മുഖ്യമന്ത്രിയുടെ നിലവാരത്തിന് പറ്റിയതാണോയെന്ന് അദ്ദേഹം തന്നെ പരിശോധിക്കട്ടെ. ഇ.എം.എസ്, ഇ.കെ.നായനാർ എന്നിവരുടെ നിലവാരത്തിന്റെ പകുതിയെങ്കിലും എത്താൻ നോക്കേണ്ടതല്ലേ ?. പിണറായിയുടെ അതേ നിലവാരത്തിൽ മറുപടി പറയാൻ അറിയാത്തതല്ല. എ.കെ.ജി സെന്ററിലോ ക്ലിഫ് ഹൗസിലോ വാർത്താസമ്മേളനം വിളിച്ച് ഇത്തരം ഭാഷ ഉപയോഗിച്ചോട്ടെ, പക്ഷെ, സെക്രട്ടേറിയറ്റ് ഇത്തരം ഭാഷയ്ക്ക് വേദിയാക്കുന്നത് അംഗീകരിക്കാൻ സാധിക്കില്ല. കെ.പി.സി.സി മുല്ലപ്പള്ളി രാമചന്ദ്രനെതിരെയുള്ള മുഖ്യമന്ത്രിയുടെ വിമർശനം തീരെ തരം താണ ഭാഷയിലായിരുന്നു.