വടകര: അഴിയൂർ ഗ്രാമപഞ്ചായത്തിന്റെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ സി.കെ നാണു എം.എൽ.എയുടെ നേതൃത്വത്തിൽ അവലോകനം ചെയ്തു. പ്രവാസികളുടെ മടക്കം വർദ്ധിച്ചതോടെ പഴുതടച്ച പ്രവർത്തനം ഉറപ്പാക്കാനാണ് യോഗം വിളിച്ചത്. നിലവിൽ മൂന്ന് നിരീക്ഷണ കേന്ദ്രങ്ങൾ ആരംഭിച്ചിട്ടുണ്ട്. അംഗൻവാടി ടീച്ചർമാരെ ഉപയോഗിച്ച് പഞ്ചായത്തിൽ പൂട്ടിയിട്ട വീടുകളുടെ വിവരം ശേഖരിച്ചിട്ടുണ്ട്. നോട്ടീസ് നൽകി അത്തരം കെട്ടിടങ്ങൾ സി.സി.സി ആയി ഏറ്റെടുക്കും. പി.എച്ച്.സിയുടെ അടിസ്ഥാന സൗകര്യ വികസനത്തിന് ലാബ്‌ നിർമ്മാണത്തിനായി എം.എൽ.എ പത്ത് ലക്ഷം രൂപ അനുവദിച്ചു. ചോമ്പാല ഹാർബറിൽ ലോറികളെ നിയന്ത്രിക്കൽ, വിദേശത്ത് നിന്ന് വരുന്നവരുടെ വിശദാംശങ്ങൾ പഞ്ചായത്തിന് കൈമാറൽ എന്നീ വിഷയങ്ങൾ കളക്ടറുടെ ശ്രദ്ധയിൽ കൊണ്ടുവന്നു. പഞ്ചായത്ത് പ്രസിഡന്റ് വി.പി ജയൻ, വൈസ് പ്രസിഡന്റ് ഷീബ അനിൽ, സ്ഥിരം സമിതി അദ്ധ്യക്ഷകളായ ഉഷ ചാത്തൻകണ്ടി, സുധ മാളിയേക്കൽ, ജാസ്മിന കല്ലേരി, പഞ്ചായത്ത് സെക്രട്ടറി ടി. ഷാഹുൽ ഹമീദ്, സർക്കിൾ ഇൻസ്പെക്ടർ ടി.പി സുമേഷ്, എസ്.ഐ എസ്. നിഖിൽ, മെഡിക്കൽ ഓഫീസർ അബ്ദുൽ നസീർ, ജെ.എച്ച്.ഐ സുരേഷ് എന്നിവർ യോഗത്തിൽ സംബന്ധിച്ചു.