താമരശ്ശേരി: താമരശ്ശേരി പഞ്ചായത്തിലെ ഓട്ടോ ഡ്രൈവർമാർക്ക് ഈ മാസം 15 മുതൽ തിരിച്ചറിയൽ കാർഡ് നിർബന്ധമാക്കി. ട്രാഫിക് പോലീസുമായി സഹകരിച്ച് തയ്യാറാക്കിയ കാർഡ് വിതരണം തുടങ്ങി. ഡ്രൈവർമാരിൽ നിന്നും നേരത്തെ അപേക്ഷ ക്ഷണിച്ചിരുന്നു. നാന്നൂറോളം പേർക്കാണ് തിരിച്ചറിയൽ കാർഡ് നൽകിയത്. ഇതില്ലാത്തവരെ സർവീസ് നടത്താൻ അനുവദിക്കില്ല. ഗ്രാമ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് ഹാജറ കൊല്ലരുകണ്ടി വിതരണോദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് നവാസ് ഈർപ്പോണ അദ്ധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ പി.എസ്. മുഹമ്മദലി, ട്രാഫിക് എസ്.ഐ. കെ.ടി. ഹമീദ്, വിവിധ യൂണിയൻ നേതാക്കളായ ടി.ആർ.ഒ. കുട്ടൻ, ബി.ആർ. ബെന്നി, സുബൈർ വെഴുപ്പൂർ, കെ.പി. ശിവദാസൻ, ഹെൽത്ത് ഇൻസ്‌പെക്ടർ സജീവൻ എന്നിവർ സംസാരിച്ചു.