നാദാപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനകീയാസൂത്രണം ഇടതുമുന്നണി സർക്കാർ വെറും പ്രഹസനമാക്കുകയാണെന്ന് കേരള ലോക്കൽ ബോഡീസ് മെമ്പേഴ്‌സ് ലീഗ് സംസ്ഥാന പ്രസിഡന്റ് സൂപ്പി നരിക്കാട്ടേരി അക്ഷേിച്ചു.

താഴെത്തട്ടിൽ നിന്നുള്ള നിർദ്ദേശങ്ങൾ പരിഗണിക്കപ്പെടുന്നില്ല. പദ്ധതി നിർവഹണത്തിന് ഫണ്ട് അനുവദിക്കുന്നുമില്ല.

സർക്കാർ കഴിഞ്ഞ നവംബറി ആരംഭിച്ച ട്രഷറി നിയന്ത്രണങ്ങൾ മൂലം നിരവധി പദ്ധതികളുടെ ഫണ്ട് സാമ്പത്തികവർഷം അവസാനം വരെ നൽകിയിട്ടില്ല. അവയൊക്കെ ക്യൂ ബില്ലിലാക്കുകയും ചെയ്തു. ക്യൂവിലുള്ള ബില്ലുകൾക്ക് കഴിഞ്ഞ വർഷത്തെ ഫണ്ടിൽ നിന്ന് നൽകാതെ ഈ വർഷത്തെ ഫണ്ടിൽ നിന്ന് നൽകാനാണ് സർക്കാർ നിർദ്ദേശിച്ചത്. ഇതിനു പുറമേ സ്പിൽ ഓവർ പ്രോജ്ക്ടുകുകളുടെ ഫണ്ടും നടപ്പുവർഷത്തെ വിഹിതത്തിൽ നിന്നു നൽകാനാണ് ഉത്തരവിൽ. ക്യു സ്പിൻ ലോവർ ബില്ലുകൾക്ക് വേണ്ടി നടപ്പുവർഷത്തെ പദ്ധതി വിഹിതത്തിന്റെ 25 ശതമാനം ഉയർത്തിയും 2019 വാർഷിക പദ്ധതിയ്ക്ക് സമാനമായും 2020 - 21 വാർഷിക പദ്ധതി രൂപീകരിക്കാനാണ് സർക്കാർ നിർദ്ദേശിച്ചത്. 25 ശതമാനം സംബന്ധിച്ച വിവരങ്ങൾ പദ്ധതി നിർവഹണ സർവറിൽ ഉൾപ്പെടുത്താതെ ഒളിച്ചുകളിക്കുകയാണ് സർക്കാർ. വിവിധ മേഖലകൾക്കുള്ള നിർബന്ധിത വകയിരുത്തൽ പ്ലാൻ ഫണ്ടിലൂടെ തദ്ദേശ ഭരണസ്ഥാപനങ്ങൾ നിർവഹിച്ചതാണ്. ഇപ്പോൾ ഈ ഫണ്ടിലും കുറവ് വന്നിരിക്കുന്നു. കൂടാതെ കേന്ദ്ര ഗ്രാന്റിലും സംസ്ഥാന സർക്കാർ കൈകടത്തുകയാണ്.

സി.എഫ്.സി ഗ്രാന്റിന്റെ നിർവഹണത്തിൽ പ്രാദേശിക സർക്കാരുകൾക്കുള്ള സ്വാതന്ത്ര്യം ഹനിക്കുന്ന തരത്തിലുള്ള ഉത്തരവാണ് സർക്കാർ പുറപ്പെടുവിച്ചിട്ടുള്ളത്. ശുചിത്വം, മാലിന്യ സംസ്‌കരണം, കുടിവെള്ളം എന്നീ മേഖലകൾക്ക് 50 ശതമാനം വകയിരുത്തണമെന്നാണ് പുതിയ നിർദ്ദേശം. വർഷാവസാനം ഈ ഫണ്ട് നൽകി ചെലവഴിക്കാനുള്ള സമയം നൽകാതെ സർക്കാറിന്റെ ഖജനാവിലേക്ക് വക മാറ്റാനുള്ള ഗൂഢോദ്ദേശ്യമാണ് ഇതിന്റെ പിന്നിലുള്ളതെന്നും അദ്ദേഹം പറഞ്ഞു.

ടെൻഡർ നടപടി പൂർത്തീകരിച്ച പദ്ധതികൾ പുന:ക്രമീകരിക്കുക പ്രയാസകരമാണ്. ഗ്രാമസഭ നിർദേശങ്ങൾ കാറ്റിൽ പറത്തി മുകളിൽ നിന്നു നിർദ്ദേശങ്ങൾ അടിച്ചേല്പിക്കുന്ന സർക്കാരിന്റെ ജനകീയാസൂത്രണ വിരുദ്ധ നിലപാട് തിരുത്തിയേ പറ്റൂ.