നന്തി ബസാർ: മൂടാടി പഞ്ചായത്തിലൂടെ തീരദേശ ഹൈവേ നിർമ്മിക്കുന്നതിൽ മുത്തായം, കടലൂർ, കോടിക്കൽ ഭാഗങ്ങളിലെ കുടുംബങ്ങൾ ആശങ്കയിൽ. ആദ്യത്തെ സർവേ പ്രകാരം ഒരു കുടുംബത്തെയും ഒഴിപ്പിക്കാത്ത വിധമായിരുന്നു അലൈൻമെന്റ്. കടലിൽ നിന്നും നിശ്ചിത അകലം പാലിച്ചാണ് സർവേ പൂർത്തിയാക്കിയത്. എന്നാൽ കഴിഞ്ഞ ദിവസം നടത്തിയ സർവേ പ്രകാരമുള്ള സ്‌കെച്ചിൽ ഒട്ടേറെ കുടുംബങ്ങൾക്ക് കിടപ്പാടം നഷ്ടമാകും എന്നാണ് വാദം.
കടലിൽ നിന്നും നിശ്ചിത ദൂരം ഉണ്ടെന്നിരിക്കെ പുതിയ സർവേ പ്രകാരം പദ്ധതി നടപ്പാക്കാൻ തുനിഞ്ഞാൽ പ്രതിരോധിക്കാനാണ് നാട്ടുകാരുടെ തീരുമാനം. കോൺഗ്രസ് നേതാക്കൾ സന്ദർശിച്ച് പിന്തുണ അറിയിച്ചു. ഡി.സി.സി. ജനറൽ സെക്രട്ടറി വി.പി. ഭാസ്‌കരൻ, മണ്ഡലം പ്രസിഡന്റ് രൂപേഷ് കൂടത്തിൽ, ബ്ലോക്ക് വൈസ് പ്രസിഡന്റുമാരായ പപ്പൻ മൂടാടി, കാളിയേരി മൊയ്തു, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പൊറ്റക്കാട്ടു രാമകൃഷ്ണൻ, സാലിഹ് കോടിക്കൽ, ടി.പി റസാക്ക്, മായിൻ ഹാജി, അസ്‌ലം, അഫ്‌സൽ എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു.