കോഴിക്കോട്: ഭൂനികുതി അടക്കൽ ഓൺലൈനാക്കിയതോടെ കൊവിഡ് കാലത്ത് "സാമൂഹിക അകലം" പാലിക്കാനാകാതെ അക്ഷയ കേന്ദ്രങ്ങൾ. തണ്ടപ്പേര് ചേർത്ത് ഓൺലൈൻ വഴി നികുതി അടക്കണമെന്ന നിർദ്ദേശം വന്നതോടെ ജനം വില്ലേജ് ഓഫീസും അക്ഷയ സെന്ററും കയറിയിറങ്ങുകയാണ്. മറ്റനേകം സേവനങ്ങൾക്കായി എത്തുന്നവർക്കൊപ്പം ഭൂനികുതി അടക്കേണ്ടവർ കൂടിയായതോടെ പലയിടത്തും ഉത്സവ സമാനമായ തിരക്കാണ്.
ഭൂനികുതി അടക്കാൻ കുറഞ്ഞ സേവന ഫീസേ ഈടാക്കുന്നുള്ളു. പക്ഷെ, ഇതര സർക്കാർ സേവനങ്ങൾക്ക് കൂടി അക്ഷയകളെ ആശ്രയിക്കുന്നതിനാൽ ഒരു കാര്യവും സമയത്ത് നടക്കാതെയായി. വില്ലേജുകളിൽ ആദ്യ തവണ കരമടക്കാൻ എത്തുന്നവരോട് മറ്റൊരു ദിനം വരാനായി നിർദ്ദേശിക്കും. അന്ന് എത്തുന്നവരോട് ഓൺലൈൻ വഴി റിക്വസ്റ്റ് നൽകാനാവശ്യപ്പെടും. ഈ റിക്വസ്റ്റ് വില്ലേജ് അധികൃതർ അംഗീകരിച്ചാലാണ് നികുതി അടക്കാൻ കഴിയുക. പലർക്കും ഇ ട്രാൻസ്ഫറിംഗ് സാദ്ധ്യമല്ലാത്തതോടെ അക്ഷയ സെന്ററിലേക്ക് ഓടും. ഇതാണ് പ്രതിസന്ധിയായത്.
ഓൺലൈൻ നികുതി സംവിധാനം തുടങ്ങിയതോടെ വില്ലേജ് ഓഫീസുകൾ നേരിട്ട് തുക സ്വീകരിക്കാൻ മടിക്കുകയാണ്. ഇത് സർക്കാരിലേക്കുള്ള നികുതി വരുമാനത്തെയും ബാധിക്കുന്നുണ്ട്. പല തവണ ഓഫീസുകൾ കയറിയിറങ്ങാൻ നിർബന്ധിതരായത് ജനത്തെയും മടുപ്പിക്കുന്നു. സമയ നഷ്ടത്തോടൊപ്പം സാമ്പത്തിക ബാദ്ധ്യതയും വന്നതോടെ സർക്കാർ ഇടപെടണമെന്നാണ് ആവശ്യം.