k-surendran

കോഴിക്കോട്: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിനെ മുഖ്യമന്ത്രി പിണറായി വിജയന് അറിയില്ലെന്ന് പറയുന്നത്

പച്ചക്കള്ളമാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

മൂന്നു വർഷത്തോളമായി മുഖ്യമന്ത്രിക്ക് ഇവരെ അറിയാം.

ഷാർജ ഷേഖിനെ 2017 ൽ സംസ്ഥാനം ആദരിച്ചപ്പോൾ ആ ചടങ്ങിന്റെ മുഖ്യ നടത്തിപ്പുകാരിയായിരുന്നു സ്വപ്‌ന. പിന്നീട് ലോക കേരള സഭയുടെ സംഘാടനത്തിലും സ്വപ്‌ന പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. സ്പീക്കർ പി.ശ്രീരാമകൃഷ്ണനുമായുള്ള സൗഹൃദത്തിലൂടെയാണ് ലോക കേരള സഭയുടെ നടത്തിപ്പ് ചുമതലക്കാരിൽ ഒരാളായത്. തിരുവനന്തപുരത്ത് സ്വപ്‌നയുടെ ഒരു സ്ഥാപനത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത് ശ്രീരാമകൃഷ്ണനായിരുന്നു. സി.പി.എമ്മിലെ മറ്റു പല നേതാക്കളുമായും സർക്കാരിലെ പ്രമുഖരുമായും ചില എം.എൽ.എമാരുമായും ഇവർക്ക് ബന്ധമുണ്ടെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

ശിവശങ്കറിനെ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്തു നിന്ന് മാറ്റിയതോടെ അദ്ദേഹത്തിന് സ്വർണക്കടത്ത് ഇടപാടിലുള്ള പങ്ക് വ്യക്തമായിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ മകളുടെ ബിസിനസ് ബന്ധങ്ങൾ പുറത്തറിയുമെന്ന ഭയത്താലാണോ ഐ.ടി സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റാൻ മടിച്ചത് ?

സ്വർണക്കടത്തുമായി മുഖ്യമന്ത്രിയുടെ ഓഫീസിലുള്ളവർക്ക് ബന്ധമില്ലെങ്കിൽ പിന്നെ എന്തിന് സെക്രട്ടറി സ്ഥാനത്തു നിന്ന് ശിവശങ്കറിനെ മാറ്റി. സോളാർ കേസിന്റെ തനിയാവർത്തനമാണിതെന്നും അദ്ദേഹം പറഞ്ഞു.