കോഴിക്കോട്: ഡിപ്ളോമാറ്റിക് ചാനൽ വഴിയുള്ള സ്വർണക്കടത്തിൽ ഉന്നതർക്ക് ബന്ധമുണ്ടെന്ന് ആരോപിച്ച് യൂത്ത് ലീഗ് നേതൃത്വത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് പ്രതീകാത്മാകമായി 'സ്വർണ ബിസ്‌കറ്റ് ' അയച്ച് സമരം.
'തൊണ്ടിമുതലും ദൃക്‌സാക്ഷിയും' സിനിമയിലെ ഫഹദ് ഫാസിലിന്റെ കള്ളൻ കഥാപാത്രത്തെ പോലെ പിടിച്ച് നിൽക്കാനുള്ള അവസാനത്തെ ശ്രമവും പരാജയപ്പെട്ടപ്പോഴാണ് ഐ.ടി സെക്രട്ടറിയെ സ്ഥാനത്ത് നിന്ന് നീക്കിയതെന്ന് സമരം ഉദ്ഘാടനം ചെയ്ത യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് പറഞ്ഞു.
സി.ബി.ഐ അന്വേഷത്തിലൂടെ പ്രതികളെ മുഴുവൻ നിയമത്തിന് മുന്നിൽ കൊണ്ടു വരണം. ഭരണത്തിന്റെ അവസാനവർഷത്തെ ഈ കടുംകൊള്ളയിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് പ്രതീകാത്മകമായി 'സ്വർണ ബിസ്‌ക്കറ്റുകൾ' അയച്ചു കൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു. മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന സെക്രട്ടറി ആഷിഖ് ചെലവൂർ , ജില്ല ജനറൽ സെക്രട്ടറി കെ.കെ നവാസ്, സി. ജാഫർ സാദിഖ്, കെ.എം.എ റഷീദ്, എ. സിജിത്ത് ഖാൻ, ഷഫീഖ് അരക്കിണർ, ടി.പി.എം ജിഷാൻ, റിസാദ് പുതിയങ്ങാടി നേതൃത്വം നൽകി.