ജില്ലയിൽ ഇതുവരെ കൊവിഡ് ബാധിച്ചത് 119 പേർക്ക്
42 പേർ ഇപ്പോൾ ചികിത്സയിൽ
കൽപ്പറ്റ: ജില്ലയിൽ ഇന്നലെ മൂന്ന് പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. നാല് പേർ രോഗമുക്തി നേടി.
ജൂലൈ 3 ന് കുവൈറ്റിൽ നിന്ന് കോഴിക്കോട് എത്തി അവിടെ നിരീക്ഷണത്തിലായിരുന്ന മീനങ്ങാടി സ്വദേശിയായ 40 കാരി, അന്ന് തന്നെ സൗദി അറേബ്യയിൽ നിന്ന് കണ്ണൂരിലെത്തിയ കൽപ്പറ്റ സ്വദേശിയായ 28 കാരൻ, ജൂൺ 20 ന് ഹൈദരാബാദിൽ നിന്ന് കോയമ്പത്തൂരിലെത്തി കൊവിഡ് സ്ഥിരീകരിച്ച് അവിടെ ചികിൽസ കഴിഞ്ഞ് ഡിസ്ച്ചാർജ് ചെയ്ത കേണിച്ചിറ സ്വദേശിയായ 42 കാരൻ എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്.
മീനങ്ങാടി സ്വദേശിനി മാനന്തവാടി ജില്ലാ അശുപത്രിയിലും കൽപ്പറ്റ സ്വദേശി കണ്ണൂർ കൊവിഡ് ആശുപത്രിയിലും കേണിച്ചിറ സ്വദേശി പാലക്കാട് ജില്ലാ ആശുപത്രിയിലുമാണ് ചികിൽസയിലുളളത്.
കേണിച്ചിറ സ്വദേശിക്ക് പാലക്കാട് അതിർത്തിയിൽ നടത്തിയ പരിശോധനയിലാണ് വീണ്ടും കോവിഡ് സ്ഥിരീകരിച്ചത്.
ചൊവ്വാഴ്ച്ച നാല് പേരാണ് രോഗമുക്തി നേടിയത്. കോഴിക്കോട് മെഡിക്കൽകോളേജിൽ ചികിൽസയിലായിരുന്ന കയ്യൂന്നി സ്വദേശിയായ 37 കാരൻ, മാനന്തവാടി ജില്ലാ ആശുപത്രിയിൽ ചികിൽസയിലായിരുന്ന വടുവൻചാൽ സ്വദേശിയായ 50 കാരൻ, എരുമാട് കയ്യൂന്നി സ്വദേശിയായ 53 കാരൻ, മാനന്തവാടി സ്വദേശിയായ 45 കാരി എന്നിവരാണ് രോഗമുക്തരായത്.
നിലവിൽ രോഗം സ്ഥിരീകരിച്ച് 39 പേർ മാനന്തവാടി ജില്ലാ ആശുപത്രിയിലും ഒരാൾ തിരുവനന്തപുരത്തും രണ്ട്‌പേർ കണ്ണൂരിലും ചികിത്സയിലുണ്ട്.
സാമൂഹ്യ വ്യാപനം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിന്റെ ഭാഗമായി ജില്ലയിൽ നിന്ന് ആകെ 5754 സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇതിൽ ഫലം ലഭിച്ച 4537 ൽ 4492 എണ്ണം നെഗറ്റീവാണ്.
നിരീക്ഷണത്തിലിരിക്കെ ജാഗ്രതയില്ലാതെ പുറത്ത് കറങ്ങി നടന്ന കൽപ്പറ്റയിലെ കൊവിഡ് രോഗിയുടെ റൂട്ട് മാപ്പ് പുറത്തുവിട്ടു.
ബാർബർ ഷോപ്പിലും സൂപ്പർ മാർക്കറ്റിലും സ്റ്റേഷനറിയിലും പാൽ ശേഖരിക്കുന്ന സ്ഥലത്തും ഇയാൾ പോയിരുന്നു. ഇതേ തുടർന്ന് സൂപ്പർ മാർക്കറ്റും സ്റ്റേഷനറിയും അടപ്പിച്ചു.
289 പേർ പുതുതായി നിരീക്ഷണത്തിൽ
ആകെ നിരീക്ഷണത്തിലുള്ളത് 3620 പേർ
267 പേർ നിരീക്ഷണ കാലം പൂർത്തിയാക്കി
ഇതുവരെ പരിശോധനയ്ക്ക് അയച്ചത് 3524 സാമ്പിളുകൾ
3084 ആളുകളുടെ ഫലം ലഭിച്ചു
3012 നെഗറ്റീവ്. ഫലം ലഭിക്കാൻ 430 സാമ്പിളുകൾ
രോഗമുക്തി നേടി നാട്ടിലേക്ക് വന്ന വയനാട്ടുകാരന് അതിർത്തിയിലെ പരിശോധനയിൽ വീണ്ടും കൊവിഡ് പൊസിറ്റീവ്. ഹൈദരാബാദിൽ നിന്ന് കോയമ്പത്തൂരിലെത്തി കൊവിഡ് സ്ഥിരീകരിച്ച് അവിടെ ചികിൽസ കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങിയ കേണിച്ചിറ സ്വദേശിയായ 42 കാരനാണ് വീണ്ടും രോഗം സ്ഥിരീകരിച്ചത്.