കൽപ്പറ്റ: അർബുദ രോഗികൾക്ക് ആശ്വാസമേകാൻ പ്രത്യാശ ചികിൽസാ പദ്ധതിയുമായി വയനാട് ജില്ലാപഞ്ചായത്ത്. ജില്ലാ മെഡിക്കൽ ഓഫീസർ നിർവ്വഹണ ഉദ്യോഗസ്ഥയായാണ് ചികിൽസ പദ്ധതി നടപ്പാക്കുന്നത്.
അറുപത് വയസിന് മുകളിൽ പ്രായമുളള വയോജനങ്ങൾക്കും വനിതകൾക്കും പ്രത്യേകമായി പ്രത്യാശയിലൂടെ ചികിൽസ ലഭിക്കും. മേപ്പാടി ഡി.എം വിംസ്, നല്ലൂർനാട് ക്യാൻസർ സെന്റർ എന്നിവയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുക.
വയോജനങ്ങൾക്കുളള പദ്ധതിക്ക് ഒരു കോടി രൂപയും വനിതകൾക്കുളള പദ്ധതിക്ക് 20 ലക്ഷം രൂപയും ഉൾപ്പെടെ ആകെ 1.20 കോടി രൂപയാണ് ജില്ലാ പഞ്ചായത്ത് വകയിരുത്തിയിരിക്കുന്നത്. ആഗസ്റ്റ് മുതൽ പദ്ധതിയിലൂടെ ഗുണഭോക്താക്കൾക്ക് ധനസഹായം ലഭിച്ച് തുടങ്ങുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി. നസീമ അറിയിച്ചു.
അപേക്ഷകൾ ജൂലൈ 15 നകം സമർപ്പിക്കണം
ഗ്രാമപഞ്ചായത്തുകളുടെ പരിധിയിൽ വരുന്ന പാലിയേറ്റീവ് നഴ്സുമാർ/പഞ്ചായത്ത് ഓഫീസ് എന്നിവ മുഖേനയാണ് പദ്ധതിയിൽ അപേക്ഷ സ്വീകരിക്കുക. ജൂലൈ 15 നകം അപേക്ഷകൾ സമർപ്പിക്കണം. അപേക്ഷാ ഫോറം പാലിയേറ്റീവ് നഴ്സുമാരിൽ നിന്ന് ലഭിക്കും. രണ്ട് ഫോട്ടോ, റേഷൻകാർഡ്, ആധാർ കാർഡ്, ചികിൽസ വിവരങ്ങൾ എന്നിവ സഹിതമാണ് അപേക്ഷിക്കേണ്ടത്. ഡെപ്യൂട്ടി ഡി.എം.ഒയാണ് അപേക്ഷകൾ പരിശോധിച്ച് ഗുണഭോക്തൃ ലിസ്റ്റ് തയ്യാറാക്കുക. ഗുണഭോക്താക്കൾക്കുളള തിരിച്ചറിയൽ കാർഡ് ജില്ലാ പഞ്ചായത്ത് വിതരണം ചെയ്യും.
കാസ്പിൽ അംഗത്വം ലഭിച്ചിട്ടില്ലാത്തവർക്കാണ് ആനുകൂല്യം ലഭിക്കുക. കാസ്പ് കാർഡിന്റെ ചികിൽസാ പരിധി കഴിഞ്ഞവർക്കും ആനുകൂല്യത്തിന് അർഹത ഉണ്ടാകും. കാസ്പിൽ നിന്ന് ഒരു വ്യക്തിക്ക് ചികിൽസയ്ക്ക് ലഭ്യമാകുന്ന തുകയ്ക്ക് തത്തുല്യമായ തുക മാത്രമേ പദ്ധതി പ്രകാരം ഗുണഭോക്താവിന് ലഭിക്കുകയുളളു. ആനുകൂല്യം ലഭിക്കുന്നതിനായി ഗുണഭോക്താവ് മേപ്പാടി ഡി.എം വിംസിലോ നല്ലൂർനാട് ക്യാൻസർ സെന്ററിലോ പ്രാഥമിക പരിശോധനയ്ക്ക് വിധേയമായി ഡോക്ടറുടെ റഫറൻസോടു കൂടി ഡെപ്യൂട്ടി ഡി.എം.ഒയെ സമീപിക്കണം. ഇവർ നൽകുന്ന സാക്ഷ്യപത്രം ഹാജരാക്കുന്ന മുറയ്ക്ക് ആനുകൂല്യം ലഭ്യമാകും. കാസ്പിൽ നിന്ന് ആനുകൂല്യം ലഭിച്ചിട്ടില്ല/ ആനുകൂല്യം ക്ലെയിം ചെയ്തിട്ടില്ല എന്ന സാക്ഷ്യപത്രം പേയ്‌മെന്റ് ബില്ലുകളോടൊപ്പം ബന്ധപ്പെട്ട ഡോക്ടറും ഗുണഭോക്താവും ലഭ്യമാക്കണം. കാസ്പിൽ അംഗത്വം ലഭിക്കുന്ന മുറയ്ക്ക് പദ്ധതിയുടെ ഗുണഭോക്തൃ പട്ടികയിൽ നിന്ന് ഗുണഭോക്താവിനെ ഒഴിവാക്കുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.