കോഴിക്കോട്: ലൈഫ് ഭവന പദ്ധതിയിൽ ഉൾപ്പെട്ട ഭൂരഹിതരായ പട്ടികജാതി-വർഗ ഗുണഭോക്താക്കൾക്ക് രജിസ്‌ട്രേഷൻ ഫീസ് ഒഴിവാക്കണമെന്ന് ഉത്തര കേരള പറയസഭ ആവശ്യപ്പെട്ടു. ജില്ലയിൽ താമസയോഗ്യമായ വീടുകൾ ഇല്ലാത്തവർ നിരവധിയാണ്. പലരുടെയും സ്ഥലത്തിന് പട്ടയവുമില്ല. ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ ഇടപെടണം. പട്ടികജാതി-വർഗ വിദ്യാർത്ഥികൾക്ക് കമ്പ്യൂട്ടർ, ലാപ്‌ടോപ്പ് അനുവദിക്കുക, പട്ടികജാതി വിവാഹ ധനസഹായം ഒരു ലക്ഷം രൂപയാക്കുക, പട്ടികജാതിക്കാർക്ക് ആനുകൂല്യങ്ങൾ ലഭിക്കാനുള്ള വാർഷിക വരുമാന പരിധി പത്ത് ലക്ഷം രൂപയായി വർദ്ധിപ്പിക്കുക, എല്ലാ ഗ്രാമപഞ്ചായത്തുകളിലും പൊതുശ്മശാനം അനുവദിക്കുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചു. വാർത്താസമ്മേളനത്തിൽ ഉത്തര കേരള പറയസഭ ഭാരവാഹികളായ എം.രതീഷ്, എ.കെ.ബാലൻ, എം.ചാത്തുകുട്ടി തുടങ്ങിയവർ പങ്കെടുത്തു.