കോഴിക്കോട്: പത്രപ്രവർത്തക പെൻഷൻ അനുവദിക്കണം എന്നാവശ്യപ്പെട്ട് ന്യൂസ് ഫോട്ടോഗ്രാഫർ ഡൊമിനിക് സെബാസ്റ്റ്യൻ
മൂന്നു ദിവസമായി തുടർന്ന നിരാഹാര സമരം അവസാനിപ്പിച്ചു. പെൻഷൻ നടപടികൾ വേഗത്തിലാക്കാമെന്ന ഐ.ആൻഡ് പി.ആർ.ഡി അധികൃതരുടെ ഉറപ്പിലാണ് സമരം അവസാനിപ്പിച്ചത്. വിഷയത്തിൽ കെ.യു.ഡബ്ല്യു.ജെ ജില്ലാ കമ്മിറ്റി ഇടപെട്ടതോടെ ഐ.ആൻഡ് പി.ആർ.ഡി മേഖലാ ഡപ്യൂട്ടി ഡയറക്ടർ ഖാദർ പാലാഴി, ജില്ലാ ഇൻഫർമേഷൻ ഓഫിസർ കെ.ടി ശേഖർ എന്നിവർ ഇന്നലെ രാവിലെ ഡൊമിനിക്കിനെ സന്ദർശിച്ചിരുന്നു. കെ.യു.ഡബ്ല്യു.ജെ ജില്ലാ പ്രസിഡന്റ് എം. ഫിറോസ്ഖാൻ, സെക്രട്ടറി പി.എസ് രാകേഷ് എന്നിവരുടെ സാന്നിദ്ധ്യത്തിൽ നടന്ന ചർച്ചയിൽ പെൻഷൻ ലഭ്യമാക്കാൻ നടപടികൾ സ്വീകരിക്കാമെന്ന് അധികൃതർ അറിയിക്കുകയായിരുന്നു. തുടർന്ന് എം. ഫിറോസ്ഖാനിൽ നിന്ന് നാരങ്ങനീര് സ്വീകരിച്ചുകൊണ്ട് ഡൊമിനിക് സമരം അവസാനിപ്പിച്ചു. വിവിധ പത്രങ്ങളിൽ ന്യൂസ് ഫോട്ടോഗ്രാഫറായി പ്രവർത്തിച്ച ഡൊമിനിക് സെബാസ്റ്റ്യൻ 20 വർഷമായി പത്രപ്രവർത്തക പെൻഷൻ പദ്ധതിയിൽ അംശാദായം അടച്ചു വരികയാണ്. ആരോഗ്യ കാരണങ്ങളാൽ നാല് വർഷം മുമ്പ് ജോലി ഉപേക്ഷിച്ച ഡൊമിനിക്ക് അന്നു തൊട്ട് പെൻഷൻ അനുവദിച്ചു കിട്ടാനായി ഓഫീസുകൾ കയറി ഇറങ്ങുന്നു. ഇദ്ദേഹത്തിന് 50 ശതമാനം പെൻഷൻ അനുവദിക്കാൻ ഒന്നര വർഷം മുൻപ് ചേർന്ന പത്രപ്രവർത്തക പെൻഷൻ മാനേജ്‌മെന്റ് കമ്മിറ്റി യോഗം തീരുമാനിച്ചിട്ടും നടപ്പാക്കിയിരുന്നില്ല. ഇതിൽ പ്രതിഷേധിച്ചാണ് വെള്ളിമാട്കുന്നിലെ വസതിയിൽ നിരാഹാര സത്യഗ്രഹം ആരംഭിച്ചത്.