കോഴിക്കോട്: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകുന്നത് ജീവിത വ്രതമാക്കിയ ദമ്പതികൾ ഇക്കുറിയും പതിവു തെറ്റിച്ചില്ല. ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ പൂളക്കോട് സ്വദേശികളായ പാറക്കൽ അച്യുതൻ മാസ്റ്ററും ഭാര്യ ഡോ.ഇ.സി. സരസ്വതിയും വീണ്ടും സംഭാവന നൽകി.
2018ലേയും 2019ലേയും പ്രളയ കാലത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പെൻഷൻ അടങ്ങുന്ന വരുമാനത്തിൽ നിന്ന് ഒരു ഭാഗം സംഭാവന നൽകിയ ഇവർ കൊവിഡ് കാലത്തും കൈത്താങ്ങായി എത്തിയിരിക്കുകയാണ്. അച്യുതൻ മാസ്റ്റർ 57,000 രൂപയും ഡോ.സരസ്വതി 10,000 രൂപയാണ് നൽകിയത്. 2018ൽ ഇരുവരും ചേർന്ന് 50,000 രൂപയും 2019ൽ 45,000 രൂപയുമാണ് നൽകിയിരുന്നത്. വാഴക്കാട് യു.പി സ്‌കൂളിൽ നിന്ന് വിരമിച്ച അച്യുതൻ മാസ്റ്ററും ആയുർവേദ മെഡിക്കൽ ഓഫീസറായി വിരമിച്ച ഡോ. ഇ.സി സരസ്വതിയും പൊതു പ്രവർത്തന രംഗത്ത് സജീവമാണ്. പി.ടി.എ റഹീം എം.എൽ.എ ചെക്ക് ഏറ്റുവാങ്ങി.