കുന്ദമംഗലം: കഞ്ചാവുമായി പൊലീസ് പിടികൂടിയ ലോറി കുന്ദമംഗലം ബസ് സ്റ്റാൻഡിൽ തള്ളിയത് യാത്രക്കാർക്ക് ദുരിതമാകുന്നു. സ്റ്റേഷൻ വളപ്പിൽ സൗകര്യമില്ലെന്ന കാരണം നിരത്തിയാണ് മുക്കം-വയനാട് ഭാഗത്തേക്കുള്ള ട്രാക്കിൽ ലോറി പാർക്ക് ചെയ്തത്. പതിമംഗലത്ത് നിന്ന് കഴിഞ്ഞ ഞായറാഴ്ചയാണ് ചരക്ക് ലോറിയിൽ ഒളിപ്പിച്ച് കടത്തുകയായിരുന്ന 12 കിലോ കഞ്ചാവ് പിടികൂടിയത്. എന്നാൽ പന്ത്രണ്ട് ടയറുകളുള്ള ലോറി കുന്ദമംഗലം പൊലീസ് സ്റ്റേഷനിൽ കയറ്റാനായില്ല. നിറയെ കരിങ്കൽ പാളികളുള്ള ലോറി ഒരു ദിവസം സ്റ്റേഷൻ കവാടത്തിൽ നിർത്തിയിട്ടു. പിന്നീടാണ് കുന്ദമംഗലം പുതിയ ബസ് സ്റ്റാൻഡിലേക്ക് മാറ്റിയത്. ബസിൽ കയറാൻ സ്റ്റാൻഡിന്റെ മദ്ധ്യഭാഗത്ത് നിൽക്കേണ്ടി വരുന്നത് യാത്രക്കാർക്ക് അപകട ഭീഷണിയുണ്ടാക്കുന്നുണ്ട്.