കോഴിക്കോട്: ജില്ലാപഞ്ചായത്തിന്റെ 'സ്‌നേഹ സ്പർശം' പദ്ധതിയിൽ ഉൾപ്പെടുത്തി കരൾ മാറ്റിവെച്ചവർക്കും സഹായം നൽകാൻ തീരുമാനം. ആഗസ്റ്റ് മുതൽ പദ്ധതി നടപ്പിൽ വരുമെന്ന് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ബാബു പറശേരി അറിയിച്ചു.
ജില്ലയിൽ ഒട്ടേറെ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന 'സ്‌നേഹസ്പർശം' പദ്ധതിക്ക് 2012 ലാണ് തുടക്കമിട്ടത്. 2013 മുതൽ വൃക്ക മാറ്റിവെച്ചവർക്ക് മരുന്നുകൾ നൽകി തുടങ്ങി. ഇതുവരെ 380 ഓളം പേർ മരുന്നിനായി പദ്ധതിയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പുതിയ തീരുമാനം മരുന്നു വാങ്ങാൻ ബുദ്ധിമുട്ടുന്ന നൂറിലധികം കരൾ മാറ്റിവെച്ചവർക്ക് പ്രയോജനപ്പെടും. അവയവം മാറ്റിവെച്ചവർ നിർബന്ധമായും കഴിക്കേണ്ട മരുന്നുകളാണ് സൗജന്യമായി സ്‌നേഹസ്‌പർശത്തിലൂടെ നൽകുന്നത്. കരൾ മാറ്റിവെച്ചവർക്ക് ജില്ലാപഞ്ചായത്തിലെ സ്‌നേഹസ്പർശം ഓഫീസിൽ നേരിട്ടും വെബ്‌സൈറ്റിലൂടെയും അപേക്ഷ നൽകാം. ഈ മാസം അപേക്ഷിക്കുന്ന അർഹരായവർക്ക് ആഗസ്റ്റ് മുതൽ മരുന്നു കിട്ടി തുടങ്ങും.
മാനസിക രോഗികൾ, എയിഡ്‌സ് ബാധിതർ എന്നിവർക്കും പദ്ധതിയിലൂടെ ചികിത്സയും മരുന്നുകളും നൽകി വരുന്നു. നാല് കോടിയോളം രൂപയാണ് പദ്ധതിയ്ക്കായി വർഷത്തിൽ ജില്ലാപഞ്ചായത്ത് ചെലവഴിക്കുന്നത്. പൊതുജനങ്ങളുടെ സഹായത്തോടെ ആരംഭിച്ച പദ്ധതി 2017 മുതൽ തദ്ദേശഭരണ സ്ഥാപനങ്ങളിൽ നിന്ന് കൂടി വിഹിതം സമാഹരിച്ച് തുടർപദ്ധതിയായി വിപുലപ്പെടുത്താൻ പുതിയ ഭരണസമിതിക്ക് കഴിഞ്ഞു. 16 കോടിയോളം രൂപയുടെ സഹായമാണ് പദ്ധതിയിലൂടെ ഗുണഭോക്കൾ ഉപയോഗപ്പെടുത്തിയത്.