കൽപ്പറ്റ: പാസിന്റെ ആവശ്യമില്ലാത്തതിനാൽ അയൽസംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് വരുന്ന യാത്രക്കാരുടെ എണ്ണം ക്രമാതീതമായി വർധിച്ച സാഹചര്യത്തിൽ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വിദേശങ്ങളിൽ നിന്നും വയനാട് അതിർത്തിയിലേക്ക് വരുന്ന വാഹനങ്ങൾക്ക് ഇനി മുതൽ ജില്ലയിലെ പരിശോധനാ കേന്ദ്രങ്ങളിൽ നിന്ന് അവർക്ക് പോകേണ്ട ജില്ല തിരിച്ചറിയുന്ന വ്യത്യസ്ത നിറങ്ങളിലുള്ള സ്റ്റിക്കർ പതിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി ആർ. ഇളങ്കൊ അറിയിച്ചു.

മൂന്ന് നിറങ്ങളിലുള്ള സ്റ്റിക്കറുകളുടെ പ്രകാശനം കലക്ടറേറ്റിൽ നടന്ന ചടങ്ങിൽ ഗതാഗത വകുപ്പു മന്ത്രി എ.കെ.ശശീന്ദ്രൻ നിർവ്വഹിച്ചു. സി.കെ.ശശീന്ദ്രൻ എം.എൽ.എ, ജില്ലാ കലക്ടർ ഡോ. അദീല അബ്ദുള്ള, സബ്കലക്ടർ ഡോ.ബൽപ്രീത് സിംഗ്, ജില്ലാ പൊലീസ് മേധാവി ആർ. ഇളങ്കോ തുടങ്ങിയവർ പങ്കെടുത്തു.

അതിർത്തി ചെക്ക്‌പോസ്റ്റ് വഴി വരുന്നവർ പാലിക്കേണ്ട നിർദ്ദേശങ്ങൾ

1) കൊവിഡ് ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്യാതെ കർണാടകയിൽ നിന്ന് വരുന്നവർക്ക് മുത്തങ്ങ തകരപ്പാടിയിൽ പേരുവിവരങ്ങൾ രജിസ്റ്റർ ചെയ്യാൻ അക്ഷയ സെന്റർ ആരംഭിച്ചിട്ടുണ്ട്. യാത്രക്കാർ പോർട്ടലിൽ രജിസ്റ്റർ ചെയ്തുവരണം.

2) മറ്റു ചെക്ക് പോസ്റ്റുകൾ വഴി വരുന്ന വാഹനങ്ങൾ ചെക്ക് പോസ്റ്റുകളിൽ നിന്ന് സ്റ്റിക്കർ പതിച്ച ശേഷം കൊവിഡ് രോഗ പരിശോധനയ്ക്കായി കല്ലൂർ ബോർഡർ ഫെസിലിറ്റേഷൻ സെന്ററിലേക്ക് പോകണം.

3) യാത്രക്കാർ വരുന്നതിന്റെ ബാഹുല്യം കണക്കിലെടുത്ത് കല്ലൂർ ഫെസിലിറ്റേഷൻ സെന്റർ മുതൽ മുത്തങ്ങ വരെ ഓറഞ്ച്, യെല്ലോ, ഗ്രീൻ പ്രദേശങ്ങളായി തരംതിരിച്ചിട്ടുണ്ട്.

4) കല്ലൂർ ഫെസിലിറ്റേഷൻ സെന്റർ പരിസരത്ത് 2025 വാഹനങ്ങൾ മാത്രമേ ഒരു സമയം പാർക്ക് ചെയ്യാൻ അനുവദിക്കൂ. ബാക്കി വാഹനങ്ങൾ തകരപ്പാടിയിൽ പാർക്ക് ചെയ്യണം.

5) യാത്രക്കാർ തകരപ്പാടി മുതൽ കലൂർ ബോർഡർ ഫെസിലിറ്റേഷൻ സെന്റർ വരെയുള്ള ഇടങ്ങളിൽ മെഡിക്കൽ എമർജൻസി ആവശ്യങ്ങൾക്കെല്ലാതെ വാഹനങ്ങളിൽ നിന്നു പുറത്തിറങ്ങരുത്.

6) ഫെസിലിറ്റേഷൻ സെന്ററിലെ പരിശോധനയ്ക്ക് ശേഷം വയനാട്, കോഴിക്കോട്, കണ്ണൂർ ജില്ലകളിലേക്കുള്ള വാഹനങ്ങൾക്ക് സ്റ്റിക്കർ പതിക്കും.

7) വയനാട്ടിലേക്കുള്ള യാത്രക്കാർ നേരെ സർക്കാർ ക്വാറന്റെയിൻ സെന്ററിലേക്കോ ഹോം ക്വാറൻനിലേക്കോ പോകണം. വാഹനങ്ങൾ മറ്റെവിടെയും നിർത്താൻ പാടില്ല. മറ്റു ജില്ലകളിലേക്ക് പോകേണ്ട യാത്രക്കാർ ജില്ലയിൽ എവിടെയും വാഹനം നിർത്താൻ പാടില്ല.

8) യാത്രക്കാരുമായി വരുന്ന ടാക്സി ഡ്രൈവർമാർ ആളുകളെ ഇറക്കിയ ശേഷം തിരികെ ബോർഡർ ചെക്ക് പോസ്റ്റുകളിൽ എത്തി സ്റ്റിക്കർ തിരികെ ഏൽപ്പിക്കണം.

കല്ലൂർ ബി.എഫ്.സിയിൽ നിന്ന് പുറത്തേക്ക് പോകുന്ന വാഹനങ്ങളുടെ വിവരങ്ങൾ റോഡ് വിജിൽ ആപ്പിൽ രേഖപ്പെടുത്തും. അന്തർസംസ്ഥാന ജില്ലാ അതിർത്തികളിൽ പൊലീസ് പരിശോധന ശക്തിപ്പെടുത്തും. ചെക്ക് പോസ്റ്റുകളുടെ ചുമതല ഓരോ ഡിവൈ.എസ്.പിക്ക് നൽകിയിട്ടുണ്ട്. സ്റ്റിക്കർ പതിച്ച വാഹനങ്ങൾ പൊതു ഇടങ്ങളിലോ മാർഗമദ്ധ്യേയോ നിർത്തിയിട്ടതായി കണ്ടാൽ പൊതുജനങ്ങൾ അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ അറിയിക്കണമെന്നും ജില്ലാ പൊലീസ് മേധാവി അഭ്യർഥിച്ചു.

(ചിത്രം)

ക്യാപ്ഷൻ

അയൽ സംസ്ഥാനങ്ങളിൽ നിന്നും വിദേശങ്ങളിൽ നിന്നും വയനാട് അതിർത്തിയിലേക്ക് വരുന്ന വാഹനങ്ങളിൽ പതിക്കുന്നതിനായി ജില്ലാ പൊലീസ് തയ്യാറാക്കിയ സ്റ്റിക്കറുകളുടെ പ്രകാശനം കലക്ടറേറ്റിൽ നടന്ന ചടങ്ങിൽ ഗതാഗത വകുപ്പു മന്ത്രി എ.കെ ശശീന്ദ്രൻ നിർവ്വഹിക്കുന്നു