waste
ചേളന്നൂർ പഞ്ചായത്ത് 12ാം വാർഡിൽ നിന്ന് നിറവ് വേങ്ങേരിക്ക് അയക്കുന്ന അജൈവ മാലിന്യങ്ങൾ ലോറിയിൽ കയറ്റിയപ്പോൾ

ചേളന്നൂർ: വാ‌ർഡിൽ മാലിന്യം കുന്നുകൂടുന്നത് കണ്ടപ്പോൾ ഹമീദ് മാസ്റ്ററുടെ മനസ് പിടച്ചു. കൊവിഡിനൊപ്പം മറ്റ് പകർച്ചവ്യാധികൾ കൂടി വന്നാൽ കാര്യങ്ങൾ പിടിവിട്ടുപോകും. ആർ.ആർ.ടി വളണ്ടിയർമാരെയും കുടുംബശ്രിക്കാരെയും കൂട്ടി വീടുകളിലെ മാലിന്യം ശേഖരിച്ച് നിറവ് വേങ്ങേരിക്ക് കയറ്റി അയച്ചു. ഇപ്പോൾ വാർഡ് ക്ലീൻ. മാഷുടെ മനസിലും സന്തോഷം. ചേളന്നൂർ ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാർഡ് മെമ്പറായ എം പി ഹമീദ് മാസ്റ്ററാണ് അനുകരണീയമായ മാലിന്യ സംസ്ക്കരണ മാതൃക കാണിച്ചുകൊടുത്തത്. വീടുകളിലെ 351 ചാക്ക് അജൈവ മാലിന്യങ്ങളാണ് നിറവ് വേങ്ങേരിക്ക് ഗ്രാമ പഞ്ചായത്തിന്റെ സഹകരണത്തോടെ കയറ്റി അയച്ചത്. എ. ഡി.എസ് സെക്രട്ടറി എം.സതി, ആശാ വർക്കർ കെ.എം.ബിന്ദു, ആർ.ആർ.ടി പ്രവർത്തകരായ കെ.ടി.സുരേന്ദ്രബാബു, ഉഷ രാധാകൃഷ്ണൻ, എം.സജന, റസിഡൻസ് ഭാരവാഹികളായ ഹരിദാസൻ നായർ, എം.മധുസൂദനൻ, കെ.പി.പത്മനാഭൻ പുനത്തിൽ, ആയിഷബി എന്നിവർ മാലിന്യ ശേഖരണത്തിൽ പങ്കെടുത്തു. മഴക്കാലപൂർവ ശുചീകരണത്തിലും ഹമീദ് മാസ്റ്ററുടെ നേതൃത്വത്തിൽ മാതൃകാ പ്രവർത്തനം നടത്തിയിട്ടുണ്ട്.