പുൽപള്ളി: വാട്സാപ്പ് കൂട്ടായ്മ സ്വന്തമായി വീടില്ലാത്ത കുടുംബത്തിന് വീടൊരുക്കുന്നു. വീടില്ലാത്തതിൽ മനംനൊന്ത് കഴിഞ്ഞ മാസം ജീവനൊടുക്കിയ പാറക്കടവ് കമലാലയം വിജയകുമാറിന്റെ കുടുംബത്തിനാണ് പുൽപ്പള്ളിക്കാർ അംഗങ്ങളായ കരുമം കൂട്ടായ്മയിലെ അംഗങ്ങൾ പണം സമാഹരിച്ചത്.
ഈ കുടുംബത്തെ സഹായിക്കാൻ ഗ്രൂപ്പ് തീരുമാനിച്ചതോടെ ഗ്രൂപ്പ് അംഗങ്ങൾ ചെറുതും വലുതുമായ തുക നൽകുകയായിരുന്നു. രണ്ടാഴ്ചകൊണ്ട് രണ്ട് ലക്ഷത്തോളം രൂപ സമാഹരിച്ചു.

വിജയകുമാറിന്റെ ഭാര്യ സ്മിതയും മൂന്ന് മക്കളും ദുരിത ജീവിതം നയിക്കുന്ന വാർത്ത ശ്രദ്ധയിൽപ്പട്ടതിനെത്തുടർന്നാണ് ഇവരെ സഹായിക്കാൻ ഗ്രൂപ്പ് തീരുമാനിച്ചത്.

മാധ്യമ പ്രവർത്തകനായ പുൽപ്പള്ളിയിലെ സി ഡി ബാബുവാണ് ഗ്രൂപ്പ് അഡ്മിൻ. വീടിന് ആവശ്യമായ ബാക്കി തുക മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്തും ജനകീയ കമ്മറ്റിയും ചേർന്ന് സമാഹരിക്കും.

ധനസഹായ നിധിയുടെ ചെക്ക് ഐ.സി.ബാലകൃഷ്ണൻ എം.എൽ.എ സ്മിതയ്ക്ക് കൈമാണി. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രകാശ്, പനമരം ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്.ദിലീപ്കുമാർ, പഞ്ചായത്ത് അംഗം സിനി രാജൻ, വ്യാപാരി വ്യവസായി ഏകോപന സമിതി പുൽപ്പള്ളി യൂണിറ്റ് പ്രസിഡന്റ് മത്തായി ആതിര, ഗ്രൂപ്പ് അഡ്മിൻ സി.ഡി.ബാബു, ഖത്തർ കരിമം കൂട്ടായ്മ പ്രതിനിധി ബിജു പൗലോസ് തുടങ്ങിയവർ സംസാരിച്ചു.


(ഫോട്ടൊ- കരമം കൂട്ടായ്മ സമാഹരിച്ച ഭവന നിർമ്മാണ നിധി ഐ.സി.ബാലകൃഷ്ണൻ എം.എൽ.എ ജനകീയ കമ്മറ്റി ഭാരവാഹികൾക്ക് കൈമാറുന്നു)