കോഴിക്കോട്: രാജ്യസുരക്ഷയ്ക്ക് തന്നെ വെല്ലുവിളിയുയർത്തിയ സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെച്ച് അന്വേഷണം നേരിടുകയാണ് വേണ്ടതെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ പറഞ്ഞു.
പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം.ശിവശങ്കറിനെതിരെ ആരോപണം ഉയരുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രിയും സംശയത്തിന്റെ നിഴലിലാണ്. മുഖ്യമന്ത്രി അറിയാതെ അദ്ദേഹത്തിന്റെ മന:സാക്ഷി സൂക്ഷിപ്പുകാരനായ ശിവശങ്കർ ഇതൊക്കെ ചെയ്യുമെന്ന് വിശ്വസിക്കാനാവില്ല.
മുഖ്യമന്ത്രി രാജി വെക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കിഡ്‌സൺ കോർണറിൽ സംഘടിപ്പിച്ച ധർണാസമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു സുരേന്ദ്രൻ.
ഈ കേസിൽ മുഖ്യമന്ത്രിയുടെ മാദ്ധ്യമ ഉപദേഷ്ടാവ് എങ്ങനെ ബന്ധപ്പെട്ടുവെന്നും അന്വേഷിക്കണം. ഇവരുടെ വിദേശയാത്രകളും ഒപ്പമുണ്ടായിരുന്നവരുടെ ബന്ധങ്ങളും അന്വേഷിച്ചാൽ കൂടുതൽ വിവരങ്ങൾ പുറത്തുവരും. മുഖ്യമന്ത്രിയുടെ മകളുടെ വ്യവസായ സ്ഥാപനത്തിന് വേണ്ടി ശിവശങ്കർ ഔദ്യോഗികപദവി ദുരുപയോഗം ചെയ്തിട്ടുണ്ട്.
തിരുവനന്തപുരം വിമാനത്താവളം കൈപ്പിടിയിലൊതുക്കാൻ ഇടതു സർക്കാർ ശ്രമിച്ചത് ദുരൂഹമാണ്. സംസ്ഥാന പ്രോട്ടോക്കോൾ ഓഫീസർ വിമാനത്താവളത്തിൽ സ്ഥിരമായി കറങ്ങിനടക്കാറുണ്ടെന്ന വിവരങ്ങൾ പുറത്തുവരുന്നുണ്ട്.
എല്ലാം കേന്ദ്ര ഏജൻസികൾ അന്വേഷിക്കുമെന്നാണ് മുഖ്യമന്ത്രി പറയുന്നത്. കേന്ദ്ര ഏജൻസി അന്വേഷിച്ചതുകൊണ്ടാണ് സ്വർണം പിടിച്ചതും മുഖ്യമന്ത്രിയുട ഓഫീസിലുള്ളവരുടെയും വകുപ്പിലുള്ളവരുടെയും ബന്ധം മനസിലാക്കിയതും.
പിണറായി വിജയന്റെ പൊലീസാണ് അന്വേഷിച്ചിരുന്നതെങ്കിൽ സ്വർണം വിഭൂതിയായി മാറിയേനേ.
നേരത്തെ ഉമ്മൻചാണ്ടി സർക്കാർ ചെയ്തുകൂട്ടിയ അഴിമതിയേക്കാൾ എത്ര കൂടുതൽ നടപ്പാക്കാനാവുമെന്ന ഗവേഷണത്തിലാണ് പിണറായി സർക്കാർ.
ചില ഉന്നത പൊലീസ് ഓഫീസർമാരുടെ സംരക്ഷണയിലാണ് സ്വപ്ന സുരേഷ് എന്നും വാർത്തകളുണ്ട്. സ്വന്തം മൂക്കിന് താഴെയുള്ള വിവാദ വനിതയെ കണ്ടെത്താനാവുന്നില്ലെങ്കിൽ പിന്നെന്തിനാണ് ആഭ്യന്തരവകുപ്പെന്നും സുരേന്ദ്രൻ ചോദിച്ചു. ജില്ലാ പ്രസിഡന്റ് വി.കെ.സജീവൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് വി.വി.രാജൻ, സംസ്ഥാന സെക്രട്ടറിമാരായ പി.രഘുനാഥ്, കെ.പി.പ്രകാശ്ബാബു, ഒ.ബി.സി മോർച്ച സംസ്ഥാന പ്രസിഡന്റ് എൻ.പി.രാധാകൃഷ്ണൻ എന്നിവരും പ്രസംഗിച്ചു.