രാമനാട്ടുകര: കേരളത്തിന്റെ സാംസ്‌കാരിക പുരോഗതിയിൽ ഗ്രന്ഥശാലകൾക്ക് സുപ്രധാന പങ്കുണ്ടെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി ടി.വി ബാലൻ പറഞ്ഞു. രാമനാട്ടുകരയിലെ നേതാവായിരുന്ന വി.എ. അസീസിന്റെ ഓർമ്മയ്ക്കായി ഏർപ്പെടുത്തിയ പ്രഭാത് എൻഡോവ്‌മെന്റ് പുരസ്‌കാരം രാമനാട്ടുകര വായനശാലയ്ക്കു സമർപ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. അനുസ്മരണ സമ്മേളനം വി.കെ.സി. മമ്മദ് കോയ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നിഷ്‌കളങ്കനായ പൊതുപ്രവർത്തകനായിരുന്നു വി.എ അസീസെന്നും അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ മാതൃകാപരമായിരുന്നു എന്നും വി.കെ.സി പറഞ്ഞു. പ്രഭാത് എൻഡോവ്‌മെന്റ് പുരസ്‌കാരവും പ്രശസ്തിപത്രവും ടി.വി ബാലൻ സമർപ്പിച്ചു. അനുസ്മരണ സമിതി ചെയർമാൻ വി.എ. സലിം അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ ബേപ്പൂർ മണ്ഡലം സെക്രട്ടറി നരിക്കുനി ബാബുരാജ്, പിലാക്കാട്ട് ഷൺമുഖൻ, മജീദ് വെൺമരത്ത്, കെ. കുഞ്ഞിപ്പ, ടി.പി കൃഷ്ണൻ, അനുസ്മരണ സമിതി സെക്രട്ടറി രാജേഷ് നെല്ലിക്കോട് എന്നിവർ സംസാരിച്ചു.