കോഴിക്കോട്: ഇന്ത്യയിലെ രണ്ടാമത്തെ മുതിർന്ന മാനസികാരോഗ്യ ചികിത്സാ വിദഗ്ദ്ധനായ ഡോ. വിജയന് ഇന്ന് 91ാം പിറന്നാൾ. കൊല്ലം ജില്ലയിൽ കണ്ടച്ചിറയിൽ നാരായണന്റെയും അമ്മുക്കുട്ടിയുടെയും മകനായി 1929ൽ ജനിച്ച ഡോ. എൻ. വിജയൻ മദ്രാസ് മെഡിക്കൽ കോളേജിൽ നിന്ന് എം.ബി.ബി.എസ് ബിരുദവും ഇംഗ്ലണ്ടിൽ നിന്ന് മാനസികാരോഗ്യ ചികിത്സയിൽ ബിരുദാനന്തര ബിരുദവും നേടി. 1972ൽ കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിൽ ജോലിയിൽ പ്രവേശിച്ചു. രണ്ട് പതിറ്റാണ്ട് കാലം കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രം സൂപ്രണ്ടായിരുന്നു.1986ൽ വകുപ്പ് മേധാവിയും പ്രൊഫസറുമായി വിരമിച്ചു. വിരമിച്ച ശേഷവും പ്രഗത്ഭ മാനസികാരോഗ്യ ചികിത്സാ വിദഗ്ദ്ധന്റെ സേവനം ഉപയോഗപ്പെടുത്താൻ തീരുമാനിച്ച സർക്കാർ എമിറേറ്റസ് പ്രൊഫസറായി നിയമിച്ചു. ഇതോടൊപ്പം നഗരത്തിൽ വിജയ ഹോസ്പിറ്റൽ സ്ഥാപിച്ചു.

ആതുര സേവനത്തോടൊപ്പം സാമൂഹ്യ പ്രവർത്തനത്തിലും സജീവമാണ് ഡോ. എൻ. വിജയൻ. ശ്രീ നാരായണ എഡ്യുക്കേഷണൽ സൊസൈറ്റി പ്രസിഡന്റ്, ഐ.എം.എ കോഴിക്കോട് ബ്രാഞ്ച് പ്രസിഡന്റ്, കാലിക്കറ്റ് ഈസ്റ്റ് റോട്ടറി ക്ലബ് പ്രസിഡന്റ്, ശ്രീകണ്‌ഠേശ്വര ക്ഷേത്ര ബോർഡ് ഡയറക്ടർ, ശ്രീനാരായണ ക്ലബ് പ്രസിഡന്റ് , ഗുരുധർമ്മ പ്രചാരണ സഭ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കേരള ഹൈക്കോടതിയിലെ ആദ്യ ഈഴവ ജഡ്ജിയായിരുന്ന പരേതനായ എൻ.കുമാരന്റെ മകൾ പരേതയായ പ്രസന്നയാണ് ഭാര്യ. മുൻ മുഖ്യമന്ത്രി ആർ.ശങ്കർ അമ്മാവനാണ്. മക്കൾ: ഡോ. റോയ് വിജയൻ, രാജേഷ് വിജയൻ, റാണി.