കോഴിക്കോട്: ലോക്ക് ഡൗൺ ഇളവുകളിൽ സന്തോഷിച്ചെങ്കിലും നിരത്തിലിറക്കിയപ്പോൾ യാത്രക്കാരില്ലാത്തത് എൽ.പി.ജി ഓട്ടോ തൊഴിലാളികളെ സങ്കടത്തിലാക്കി. മണിക്കൂറുകൾ കാത്തിരുന്നാലാണ് ഒന്നോ രണ്ടോ യാത്രക്കാരെ കിട്ടുന്നത്. ദിവസ വരുമാനമാകട്ടെ 200-250 രൂപയും. റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലും ഓട്ടോ തേടിയെത്തുന്നവർ വിരലിൽ എണ്ണാവുന്നവർ മാത്രം. ഇന്ധനവില അടിക്കടി വർദ്ധിച്ചതോടെയാണ് ഡീസൽ വാഹനം ഓടിച്ചവർ പലരും എൽ.പി.ജിയിലേക്ക് മാറിയത്. നിലവിൽ എൽ.പി.ജിക്ക് ചെലവ് കുറവാണ്. എന്നാൽ പെട്രോളിനും ഡീസലിനും വില കുതിക്കുമ്പോൾ എൽ.പി.ജിക്കും താമസിയാതെ വില കൂടുമെന്ന ആശങ്ക ഇവർക്കുണ്ട്.
അന്തരീക്ഷ മലിനീകരണം ഇല്ലെന്നതാണ് എൽ.പി.ജി ഓട്ടോറിക്ഷകളുടെ മേൻമ. സാധാരണ ഓട്ടോകളെക്കാൾ കുലുക്കവും കുറവാണ്. ഇന്ധനവിലക്കുറവും കൂടുതൽ ക്ഷമതയുമാണ് എൽ.പി.ജിയിലേക്ക് മാറാൻ ഡ്രൈവർമാർക്ക് പ്രോത്സാഹനമായത്. 1500ൽ കൂടുതൽ എൽ.പി.ജി ഓട്ടോകൾ കോഴിക്കോട് സിറ്റിയിൽ മാത്രം സർവീസ് നടത്തുന്നുണ്ട്. തുടക്കത്തിൽ വേണ്ടത്ര പരിഗണന കിട്ടിയില്ലെങ്കിലും ഇപ്പോൾ എൽ.പി.ജി ഓട്ടോകളെ ആശ്രയിക്കുന്ന യാത്രക്കാരുടെ എണ്ണം കൂടിയിട്ടുണ്ടെന്ന് ഡ്രൈവർമാർ പറയുന്നു.
എന്നാൽ കൊവിഡ് വന്നതോടെ എല്ലാം താളം തെറ്റി. മിനിമം ചാർജ് 20 രൂപയുള്ളപ്പോൾ 3000 രൂപയ്ക്ക് താഴെയായിരുന്നു ഇൻഷുറൻസിനും മറ്റുമായി ചെലവായിരുന്നത്. 25 രൂപയായെങ്കിലും ചെലവ് 8000 രൂപവരെയായി ഉയർന്നു. അതിനാൽ യാത്രാനിരക്ക് കൂട്ടാതെ പിടിച്ചുനിൽക്കാനാവില്ലെന്നാണ് ഇവർ പറയുന്നത്.
ഇന്ധന ലഭ്യത കുറവും എൽ.പി.ജി ഓട്ടോറിക്ഷകൾക്ക് തിരിച്ചടിയായി. ജില്ലയിൽ കുണ്ടായിത്തോട്, പുതിയങ്ങാടി, സരോവരം ബൈപ്പാസ് റോഡ്, മുക്കം എന്നിവിടങ്ങളിലാണ് ഗ്യാസ് ബങ്കറുകളുള്ളത്. എന്നാൽ ഇവിടങ്ങളിൽ നിന്ന് ആവശ്യമായ ഇന്ധനം ലഭിക്കാത്തതിനാൽ പലപ്പോഴും ഓട്ടം നിർത്തേണ്ട അവസ്ഥയാണ്. കൊവിഡിന് ശേഷം ഗ്യാസ് ബങ്കറുകൾ 24 മണിക്കൂറും പ്രവർത്തിക്കണമെന്നാണ് ഇവരുടെ ആവശ്യം.
'എട്ട് വർഷമായി എൽ.പി.ജി ഓട്ടോ തൊഴിലാളിയാണ്. കൊവിഡ് വന്നതോടെ ആരും തന്നെ ഓട്ടോയിൽ കയറുന്നില്ല. ജോലി നഷ്ടപ്പെടുന്ന സാഹചര്യമാണ്. -എ.കെ.സജീവ് കുമാർ, ഓട്ടോ തൊഴിലാളി