കോഴിക്കോട്: സ്വർണക്കള്ളക്കടത്ത് കേസിൽ ഒരു ബന്ധവുമില്ലെന്നാണെങ്കിൽ സി.ബി.ഐ അന്വേഷണത്തിന് ശുപാർശ ചെയ്യാൻ മുഖ്യമന്ത്രി തയ്യാറണോയെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ വെല്ലുവിളിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസ് കൂടി അന്വേഷണ പരിധിയിൽ വരുന്ന തരത്തിലായിരിക്കണം ശുപാർശ. അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി കത്തയച്ചത് ജനങ്ങളെ കബളിപ്പിക്കാനാണെന്നും സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

കളങ്കിത വ്യക്തികളുമായി ബന്ധമുള്ള മുഖ്യമന്ത്രിയും സ്‌പീക്കറും രാജിവച്ച് അന്വേഷണം നേരിടണം. സോളാർ കേസിൽ ഉമ്മൻചാണ്ടിയുടെ ഓഫീസിനെ അന്വേഷണത്തിൽ ഉൾപ്പെടുത്തണമെന്ന് സി.പി.എം നേതാക്കളെല്ലാം ആവശ്യപ്പെട്ടിരുന്നല്ലോ. അന്വേഷണത്തിന്റെ കുന്തമുന മുഖ്യമന്ത്രിയുടെ ഓഫീസിലേക്കു നീളുന്നുവെന്ന് ഇപ്പോൾ ബോദ്ധ്യപ്പെട്ടിട്ടുണ്ട്.

സ്വപ്നയുമായുള്ള ബന്ധമെന്തെന്ന് മുഖ്യമന്ത്രി വ്യക്തമാക്കട്ടെ. സർക്കാർ മുദ്ര പതിച്ച വിസിറ്റിംഗ് കാർഡും ലെറ്രർഹെഡും മാത്രമല്ല, ഗവ. വാഹനങ്ങൾ വരെ സ്വർണക്കടത്തുകാർ ഉപയോഗപ്പെടുത്തി. സർക്കാരിന്റെ ഔദ്യോഗിക പരിപാടികളുടെ നടത്തിപ്പ് ചുമതല എങ്ങനെ സ്വപ്നയ്ക്ക് കിട്ടിയെന്ന് മുഖ്യമന്ത്രി പറയണം. സി.പി.എം നേതാക്കളും യു.എ.ഇയിലെ വ്യവസായികളും തമ്മിലുള്ള ബന്ധത്തിൽ ഇടനിലക്കാരി സ്വപ്നയാണ്. ശിവശങ്കറിന്റെ വിദേശ സന്ദർശനങ്ങളും അന്വേഷിക്കണം. മുഖ്യമന്ത്രിയുടെ മാദ്ധ്യമ ഉപദേഷ്ടാവും ഇത്തരം യാത്രകളിൽ പങ്കാളിയാണ്. മുഖ്യമന്ത്രിയുടെ മകൾക്ക് ഐ.ടി വകുപ്പിൽ നിന്ന് ലഭിച്ച സഹായങ്ങൾ ശിവശങ്കറിനറിയാം. കേന്ദ്രത്തിന്റെ അന്വേഷണത്തിൽ പരൽ മീനുകളും വമ്പൻ സ്രാവുകളുമെല്ലാം കുടുങ്ങും.

സ്പീക്കർ എന്തടിസ്ഥാനത്തിലാണ് കളങ്കിത വ്യക്തികളുടെ ചടങ്ങിൽ പങ്കെടുക്കുന്നത് ?. ശിവശങ്കറിന്റെ കാര്യത്തിലുള്ള ധാർമ്മികത ശ്രീരാമകൃഷ്ണന് ബാധകമല്ലേ ? ശിവശങ്കറിനെ നീക്കിയെന്നല്ലാതെ ഒരന്വേഷണത്തിനും സർക്കാർ തുനിഞ്ഞിട്ടില്ല. കസ്റ്റംസിനെ സംസ്ഥാന പൊലീസ് സഹായിക്കുന്നുമില്ല. സ്വപ്നയെ കണ്ടെത്താൻ കഴിഞ്ഞില്ലെന്നത് പൊലീസിന്റെ വീഴ്ചയാണ്. സുപ്രധാനമായ സി.സി ടിവി ദൃശ്യങ്ങൾ ആവശ്യപ്പെട്ടിട്ട് മറുപടി പോലുമില്ല. ക്ലിഫ് ഹൗസിലെയും ഓഫീസിലെയും സി.സി ടിവി ദൃശ്യങ്ങൾ സുരക്ഷിതമാണോയെന്ന് മുഖ്യമന്ത്രി പറയണം.