കോഴിക്കോട്: നഗരത്തിൽ ക്വട്ടേഷൻ സംഘാംഗങ്ങൾ തമ്മിൽ ഏറ്റുമുട്ടിയ സംഭവത്തിൽ രണ്ട് പേർ അറസ്റ്റിലായി. ചേളന്നൂർ സ്വദേശി അനിൽ (44), അത്തോളി സ്വദേശി അമീർ അലി എന്നിവരെയാണ് ടൗൺ എസ്.ഐ കെ.ടി.ബിജിത്തും സംഘവും അറസ്റ്റ് ചെയ്തത്. ജവഹർ നഗർ കോളനിയിലെ കെട്ടിടത്തിൽ നിന്ന് പിടികൂടിയ അമീർ അലിയെ ചോദ്യം ചെയ്തതിൽ നിന്ന് അനിൽ ചാലപ്പുറത്തെ ഒരു കെട്ടിടത്തിലുണ്ടെന്ന് മനസിലായി. തുടർന്നാണ് അനിലിനെ പിടികൂടിയത്.
തിങ്കളാഴ്ച വൈകിട്ട് ഗവ. മോഡൽ സ്‌കൂളിന് പിന്നിലെ റെയിൽവേ ട്രാക്കിൽ നടന്ന ആക്രണമത്തിൽ കോട്ടൂളി സ്വദേശി രതീഷിന് പരിക്കേറ്റിരുന്നു. അനിലും അമീർ അലിയും മദ്യപിക്കുന്നതിനിടെ സ്ഥലത്തെത്തിയ രതീഷ് 500 രൂപ ആവശ്യപ്പെട്ടു. തുടർന്ന് അനിലും അമീർ അലിയും ചേർന്ന് രതീഷിനെ മർദ്ദിക്കുകയും മുഖത്ത് കല്ലുകൊണ്ടിടിക്കുകയും ചെയ്തു. സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ട പ്രതികൾ ഒളിവിലായിരുന്നു. മോഷണമുൾപ്പെടെ നിരവധി കേസുകളിലെ പ്രതിയാണ് രതീഷ്. അനിലിനും അമീർ അലിയ്ക്കുമെതിരെയും കേസുകളുണ്ട്.