കോഴിക്കോട്: സ്വർണക്കടത്ത് കേസ്സിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് സംഘടിപ്പിച്ച കളക്ടറേറ്റ് മാർച്ചിനിടെ സംഘർഷം. ബാരിക്കേഡുകൾ തകർത്ത് കളക്ടറേറ്റിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച പ്രക്ഷോഭകർക്കു നേരെ പൊലീസ് ജലപീരങ്കിയും കണ്ണീർവാതകവും പ്രയോഗിച്ചു. കല്ലേറ് വന്നതോടെയുണ്ടായ പൊലീസ് ലാത്തിച്ചാർജ്ജിൽ യൂത്ത് കോൺഗ്രസ് കുന്ദമംഗലം നിയോജകമണ്ഡലം പ്രസിഡന്റ് സുജിത്ത് ഒളവണ്ണ, കെ.എസ്.യു ജില്ലാ പ്രസിഡന്റ് അഡ്വ. വി.ടി. നിഹാൽ എന്നിവർക്ക് പരിക്കേറ്റു. ഇവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മുഖ്യമന്ത്രിയുടെയും ശിവശങ്കർ, സ്വപ്ന എന്നിവരുടെയും കോലം കത്തിച്ച പ്രക്ഷോഭകർ പൊലീസ് നടപടിക്കെതിരെ കളക്ടറേറ്റിന് മുന്നിലെ റോഡും ഉപരോധിച്ചിരുന്നു.
'തുടക്കവും ഒടുക്കവും
മുഖ്യമന്ത്രിയിൽ'
സ്വർണക്കടത്ത് കേസ്സിന്റെ തുടക്കവും ഒടുക്കവും മുഖ്യമന്ത്രി പിണറായി വിജയനിലാണെന്ന് മാർച്ച് ഉദ്ഘാടനം ചെയ്ത ഷാഫി പറമ്പിൽ എം.എൽ.എ ആരോപിച്ചു.
ഒളിവിൽ കഴിയുന്ന സ്വപ്‌നയ്ക്ക് ഇത് ട്രെയ്‌നിംഗ് പിരിയഡാണ്. പാർട്ടിയുടെയോ ഉന്നതരുടെയോ പേര് പറയാതിരിക്കാനുള്ള പരിശീലനമാണ് ഒളിവിൽ.
നാളിതുവരെ ഒരു മുഖ്യമന്ത്രിയുടെയും ഓഫീസും കള്ളക്കടത്തിന്റെ പേരിൽ പ്രതികൂട്ടിലായിട്ടില്ല. പിണറായി അതും തിരുത്തി. മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങൾക്കുള്ള സഹായത്തിന് പ്രത്യുപകാരം ചെയ്യുകയായിരുന്നു.
കേസ്സിൽ ആരോപണവിധേയനായ സ്വന്തം സെക്രട്ടറിയെ മാറ്റി നിറുത്തിയതുകൊണ്ടായില്ല. നീതിബോധമുണ്ടെങ്കിൽ മുഖ്യമന്ത്രി രാജി വെച്ചൊഴിയണം.
സ്വർണക്കടത്തുമായി ബന്ധപ്പെട്ട ബി.ജെ.പി നേതാക്കളുടെ പ്രതികരണങ്ങളിൽ സംശയമുണ്ട്. കേന്ദ്രമന്ത്രി വി. മുരളീധരൻ മനസ്സില്ലാമനസോടെയാണ് മുഖ്യമന്ത്രിയ്ക്കെതിരെ വാർത്താസമ്മേളനം നടത്തിയത്. ആത്മാർത്ഥതയുണ്ടെങ്കിൽ സി.ബി.ഐ അന്വേഷണത്തിന് ബി.ജെ.പി സമ്മർദ്ദം ചെലുത്തുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ആർ.ഷഹിൻ അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് നേതാക്കളായ വിദ്യ ബാലകൃഷ്ണൻ, സംസ്ഥാന വൈസ് പ്രസിഡന്റ് റിയാസ് പൂക്കോളി, റിജിൻ മാക്കുറ്റി, എം.ധനീഷ്‌ലാൽ, വി.പി.ദുൽക്കിഫിൽ, കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം.അഭിജിത്ത് തുടങ്ങിയവർ സംസാരിച്ചു.