കോഴിക്കോട്: മാവൂർ പഞ്ചായത്തിലെ കേരളാ വാട്ടർ അതോറിറ്റിയുടെ താത്തൂർപൊയിൽ കുടിവെള്ള പദ്ധതി മൈനർ ഇറിഗേഷൻ വകുപ്പിന് കൈമാറിയതായി പി.ടി.എ റഹീം എം.എൽ.എ അറിയിച്ചു. മാവൂർ കൂളിമാട് പ്ലാന്റിൽ നിന്നും ശുദ്ധീകരിച്ച വെള്ളം ലഭ്യമായതിനാൽ 2019 മാർച്ച് മുതൽ താത്തൂർപൊയിൽ പമ്പ് ഹൗസിൽ നിന്നുള്ള പമ്പിംഗ് നിറുത്തിവയ്ക്കുകയും വൈദ്യുതി കണക്ഷൻ പൂർണമായും വിച്ഛേദിക്കുകയും ചെയ്തിരുന്നു. ഉപയോഗശൂന്യമായി കിടക്കുന്ന പദ്ധതി സർക്കാരിന്റെ പുതിയ മൈക്രോ ഇറിഗേഷൻ സ്‌കീം നടപ്പാക്കുന്നതിനായി മൈനർ ഇറിഗേഷൻ വകുപ്പിന് കൊടുക്കണമെന്ന് ആവശ്യപ്പെട്ട് ജലവിഭവ മന്ത്രിക്ക് കത്ത് നൽകി. മന്ത്രിയുടെ പ്രത്യേക ഉത്തരവ് പ്രകാരമാണ് പദ്ധതി മൈനർ ഇറിഗേഷൻ വകുപ്പിനെ ഏൽപ്പിച്ച് തീരുമാനമായതെന്നും കാർഷിക മേഖലയായ മാവൂരിലെ കൃഷിക്കാർക്ക് മൈക്രോ ഇറിഗേഷൻ പദ്ധതി ഗുണകരമാകുമെന്നും എം.എൽ.എ പറഞ്ഞു. 1989ൽ നിലവിൽ വന്ന താത്തൂർ പൊയിൽ ശുദ്ധജല വിതരണ പദ്ധതിയുടെ പമ്പ് ഹൗസ്, അതിനു ചുറ്റുമുള്ള സ്ഥലം, മെയിൻ റോഡിൽ നിന്ന് പമ്പ് ഹൗസിലേക്കുള്ള റോഡ് എന്നിവ ചേർത്ത് ഏകദേശം 30 സെന്റ് സ്ഥലം വാട്ടർ അതോറിറ്റിയുടെ കൈവശത്തിലായിരുന്നു. 6 മീറ്റർ വ്യാസമുള്ള കിണർ, പമ്പ് ഹൗസ്, രണ്ട് മോട്ടോറുകൾ, പമ്പ്, ഇതിനോട് ചേർന്നുള്ള മൂന്ന് മുറികൾ എന്നിവയാണ് ഉണ്ടായിരുന്നത്.