കോഴിക്കോട്: തല ചായ്ക്കാനിടമില്ലാതെയും കഴിക്കാൻ ഭക്ഷണമില്ലാതെയും കോഴിക്കോടിന്റെ തെരുവുകളിൽ ഇനിയാർക്കും അലയേണ്ടി വരില്ല. മാങ്കാവിലെ ഉദയം ഹോം ഇന്ന് പ്രവർത്തനക്ഷമമാകും. മന്ത്രി ടി.പി. രാമകൃഷ്ണൻ ഉച്ചയ്ക്ക് 12.30ന് ഉദ്ഘാടനം ചെയ്യും. ജില്ലാ ഭരണകൂടം, സാമൂഹ്യനീതി വകുപ്പ്, ജില്ലാ പഞ്ചായത്ത്, കോഴിക്കോട് കോർപ്പറേഷൻ എന്നിവയുടെ നേതൃത്വത്തിൽ തണൽ സന്നദ്ധ സംഘടനയുടെ സഹായത്തോടെയാണ് ഉദയം ഹോം ആരംഭിക്കുന്നത്. ബഹുനില കെട്ടിടത്തിലാണ് താമസം സജ്ജമാക്കിയത്. എം.എൽ.എമാരായ എ. പ്രദീപ്കുമാർ, എം.കെ.മുനീർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശേരി, മേയർ തോട്ടത്തിൽ രവീന്ദ്രൻ, ജില്ലാ കളക്ടർ സാംബശിവറാവു, സിറ്റി പൊലീസ് ചീഫ് എ.വി.ജോർജ് തുടങ്ങിയവർ പങ്കെടുക്കും.
ഉദയം ഹോമിൽ 180 പേർക്ക് താമസിക്കാനുള്ള സൗകര്യമുണ്ട്. 163 പേരാണ് ഇപ്പോൾ ഹോമിൽ താമസിക്കാനെത്തുന്നത്. മുറികളിൽ കട്ടിൽ, ബെഡ് തുടങ്ങിയവ മികച്ച രീതിയിലാണ് സജ്ജമാക്കിയിരിക്കുന്നത്. ഭക്ഷണം സ്വയം തയ്യാറാക്കാനുള്ള സൗകര്യവുമുണ്ട്. വിനോദ പരിപാടികൾ ആസ്വദിക്കാനുള്ള സംവിധാനവുമുണ്ടാകും. ഹോമിൽ താമസിക്കുന്നവർക്ക് ജോലിക്ക് പോകുന്നതിന് തടസമില്ല. ലോക്ക് ഡൗൺ കാലത്ത് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ 653 പേരെ തെരുവിൽ നിന്ന് കണ്ടെത്തി വിവിധ കേന്ദ്രങ്ങളിൽ പാർപ്പിച്ചിരുന്നു.