ഒളവണ്ണ: പ്രളയക്കെടുതി നേരിട്ട ഒളവണ്ണയിൽ ദുരന്ത നിവാരണ സേന ഒരുങ്ങുന്നു. കോൺഗ്രസ് പെരുവയൽ ബ്ലോക്ക് കമ്മിറ്റിയും സേവാദൾ കുന്ദമംഗലം നിയോജക മണ്ഡലം കമ്മിറ്റിയും സംയുക്തമായാണ് സേന രൂപീകരിച്ചത്. ജീവകാരുണ്യ പ്രവർത്തകൻ മഠത്തിൽ അബ്ദുൾ അസീസിന്റെ നേതൃത്വത്തിൽ പരിശീലനം പൂർത്തിയാക്കിയ സേനാംഗങ്ങൾ നാളെ മുതൽ സഹായവുമായി ഉണ്ടാകും.

മാമ്പുഴയിലും ചെറുപുഴയിലും ചാലിയാറിലും രക്ഷാപ്രവർത്തനം നടത്താൻ രണ്ട് ഫൈബർ തോണികളും ലൈഫ് ജാക്കറ്റുകളും അനുബന്ധ ഉപകരണങ്ങളും ഇവർക്കുണ്ട്. മരങ്ങൾ വീണ് ഗതാഗതം തടസപ്പെടുകയോ മറ്റപകടങ്ങൾ ഉണ്ടാവുകയോ ചെയ്യുമ്പോൾ നീക്കാനും സാധിക്കും. കിണറുകളിലെ അപകടത്തിലും ഇവർ രക്ഷയ്‌ക്കെത്തും. വാഹനാപകടമുണ്ടായാൽ രക്ഷാപ്രവർത്തനത്തിന് പ്രഥമ ശ്രുശ്രൂഷ സംവിധാനവും നേടിയിട്ടുണ്ട്. മൂന്ന് കിലോമീറ്റർ വരെ വ്യക്തമായി കാണാവുന്ന ടോർച്ചുകൾ, വെള്ളത്തിനടിയിലും പ്രവർത്തിപ്പിക്കാവുന്ന ടോർച്ചുകൾ, ദൂരക്കാഴ്ചയ്ക്കുള്ള ബൈനോക്കുലർ, മലവെളളപ്രവാഹത്തെ മുറിച്ചുകടക്കാൻ സഹായിക്കുന്ന നൈലോൺ കയറുകൾ എന്നിങ്ങനെ രക്ഷാ ഉപകരണങ്ങളുടെ വിപുലമായ ശ്രേണിയും സേന സ്വന്തമാക്കി.

ആപത്കാൽ പ്രബന്ധൻ സേവാ സമിതി എന്ന പേരിലാണ് സേന പ്രവർത്തിക്കുക. നാളെ രാവിലെ 10ന് കെ.പി.സി.സി വൈസ് പ്രസിഡന്റ് ടി. ശരത്ചന്ദ്ര പ്രസാദ് ലൈവ് വീഡിയോ സന്ദേശം വഴി ഉദ്ഘാടനം ചെയ്യും. ഒളവണ്ണ നാഗത്തും പാടത്താണ് ചടങ്ങ് നടക്കുക. കെ.പി.സി.സി വൈസ് പ്രസിഡന്റ് ടി. സിദ്ദിഖ് രക്ഷാ ബോട്ടുകളും കെ.പി.സി.സി ജനറൽ സെക്രട്ടറി പി.എം നിയാസ് ലൈഫ് ജാക്കറ്റ് വിതരണോദ്ഘാടനവും നിർവഹിക്കും. മുഖ്യാതിഥിയായി സേവാദൾ സംസ്ഥാന പ്രസിഡന്റ് എം.എ സലാം, എ.പി രവീന്ദ്രൻ, കെ. രവീന്ദ്രൻ എന്നിവർ പങ്കെടുക്കുമെന്ന് സംഘാടക സമിതി നേതാക്കളായ എ. ഷിയാലി, വിനോദ് മേക്കോത്ത്, മഠത്തിൽ അബ്ദുൾ അസീസ് എന്നിവർ അറിയിച്ചു.