സുൽത്താൻ ബത്തേരി: കോയമ്പത്തൂരിൽ നിന്ന് ബത്തേരിയിലെത്തിയ ട്രക്ക് ഡ്രൈവർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതോടെ അതിർത്തിയിലെ പരിശോധനയും നിയന്ത്രണങ്ങളും കർശനമാക്കി.

അതിനിടെ കൊവിഡ് സ്ഥിരീകരിച്ച ട്രക്ക്‌ ഡ്രൈവർ കയറിയ ബത്തേരിയിലെ രണ്ട് സ്ഥാപനങ്ങൾ അടച്ചുപൂട്ടി. ഇവിടെ അണുനശീകരണം നടത്തുകയും ചെയ്തു. ആരോഗ്യ വകുപ്പിന്റെയും പൊലീസിന്റെയും നേതൃത്വത്തിൽ കർശന നിരീക്ഷണവും ആരംഭിച്ചു.
ഈ മാസം രണ്ടിനാണ്‌ കോയമ്പത്തൂരിൽ നിന്ന് പാലക്കാട്, കുറ്റ്യാടി വഴി ലോറി സുൽത്താൻ ബത്തേരിയിലെത്തിയത്. ബത്തേരിയിലെത്തിയ ട്രക്ക് ഡ്രൈവർ ഫോൺ ശരിയാക്കുന്നതിനായി ഒരു മൊബൈൽ ഷോപ്പിലും ഭക്ഷണം കഴിക്കുന്നതിനായി ഒരു ഹോട്ടലിലും കയറി​. തുടർന്ന് ബത്തേരിയിൽ തന്നെ ക്വാറൈന്റനിൽ കഴി​യുകയായിരുന്നു. കഴിഞ്ഞ ദിവസം ഇയാളുടെ ശ്രവ പരിശോധന ഫലം വന്നപ്പോഴാണ്‌ കൊവി​ഡ് സ്ഥിരീകരിച്ചത്.

ഇയാളുമായി സമ്പർക്കം പുലർത്തിയവർ ക്വാറൈന്റയിനിൽ പ്രവേശിക്കണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
കൊവിഡ് വ്യാപനം രൂക്ഷമായ സംസ്ഥാനത്ത് നിന്ന് വരുന്ന വഹനങ്ങൾക്ക് അതിർത്തിയിൽ കാര്യമായ പരിശോധനയും നിയന്ത്രണവും ഏർപ്പടുത്താനാണ് നീക്കം. കൊവിഡ് രൂക്ഷമായ സ്ഥലങ്ങളിൽ നിന്ന് വരുന്ന വാഹനങ്ങൾ പട്ടണങ്ങളിലും ജനവാസ കേന്ദ്രങ്ങളിലും നിർത്തിയിടുന്നത് കർശനമായി തടയുന്നതിനും, ആളുകൾ അനാവശ്യമായി പട്ടണങ്ങളിലേക്ക് എത്തുന്നത് നിയന്ത്രിക്കുന്നതിനുമുള്ള നടപടികളും പൊലീസ് സ്വീകരിച്ചുവരുന്നുണ്ട്.