vana

നാദാപുരം: ഉരുൾ പൊട്ടൽ ഭീഷണിയുള്ള പരിസ്ഥിതിലോല പ്രദേശങ്ങലെ വനവാസി കുടുംബങ്ങളെ മാറ്റി പാർപ്പിക്കാൻ പദ്ധതി ഒരുങ്ങുന്നു. കഴിഞ്ഞ വർഷം ഉരുൾപൊട്ടിയപ്പോൾ വിലങ്ങാട് മലയോരത്തെ അടുപ്പിൽ കോളനി പരിസരത്തെ വീട് പൂർണമായും നാലെണ്ണം ഭാഗികമായും തകർന്നിരുന്നു. ഇതേ തുടർന്നു റവന്യു, ട്രൈബൽ ഉദ്യോഗസ്ഥരുൾപ്പെട്ട വിദഗ്‌ദ്ധ സംഘം കോളനിയിലെ വീടുകൾ സുരക്ഷിതമല്ലെന്നു കണ്ടെത്തിയിരുന്നു. കഴിഞ്ഞ വർഷം തന്നെ ഇവരെ മാറ്റി പാർപ്പിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. സർക്കാർ ഫണ്ട് ലഭിക്കുന്നതിൽ കാലതാമസവുമുണ്ടായി.
വിലങ്ങാട് വാണിമേൽ പുഴയോരത്ത് പുറമ്പോക്കിലുള്ള രണ്ടും വിലങ്ങാട് അടുപ്പിൽ കോളനിയിലെ 62ഉം ഉൾപ്പെടെ 64 കുടുംബങ്ങളാണ് ഉരുൾ പൊട്ടൽ ഭീഷണിയിലുള്ളത്. ഇവർക്ക് വീട് വയ്ക്കാനുള്ള ഭൂമി വാങ്ങാൻ അറു ലക്ഷം രൂപ വീതമാണ് സർക്കാർ അനുവദിച്ചത്. നാല് സെന്റ് വാങ്ങി നൽകാനായിരുന്നു ആദ്യ തീരുമാനം. എന്നാൽ വനവാസികളുടെ ശക്തമായ എതിർപ്പ് കാരണം അത് അഞ്ച് സെന്റായി ഉയർത്തി. എന്നാൽ കൃഷി, ആട്, പശു, കോഴി എന്നിവയുടെ പാലനത്തിനായി വീട്ടുവളപ്പിൽ പത്ത് സെന്റ് ഭൂമിയെങ്കിലും ലഭിക്കണമെന്നാണ് ഇവരുടെ ആവശ്യം.
ഭൂമി കണ്ടെത്തുന്നതിനായി റവന്യൂ വകുപ്പ്, ട്രൈബൽ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരടങ്ങുന്ന സംഘം സ്ഥലം സന്ദർശിച്ചു. വിലങ്ങാട് ഭാഗത്തെ ചിറ്റാരി, വാളാം തോട്, കാവിൽ ഭാഗം എന്നിവിടങ്ങളിലാണ് സ്ഥലം കണ്ടെത്തിയത്. സർക്കാർ അനുവദിച്ച ആറു ലക്ഷം രൂപയ്‌ക്ക് ഓരോ കുടുംബത്തിനും പത്ത് സെന്റ് ഭൂമി വീതം നൽകാനാകുമെന്ന് വാണിമേൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.സി. ജയൻ പറഞ്ഞു.