കോഴിക്കോട്: മലയാളം മീഡിയത്തിൽ പഠിച്ച ഒറീസക്കാരന് എസ്.എസ്.എൽ.സി പരീക്ഷയിൽ ലഭിച്ചത് ഫുൾ എ പ്ളസ്. കുറ്റിക്കാട്ടൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ഓം പ്രകാശ് ജേതിയാണ് ഈ കൊച്ചു മിടുക്കൻ. ആനകുഴിക്കര മിനാർ ടി.എം.ടി കമ്പനിയിൽ വർക്ക് ഷോപ്പ് ഇൻ ചാർജ് ശ്രീകാന്ത് ജേതിയുടെയും ജഹരാന ജേതിയുടെയും മകനാണ് ഓം പ്രകാശ് ജേതി. പതിമൂന്ന് വർഷം മുമ്പാണ് പിതാവ് ശ്രീകാന്ത് ജേതി ഒറീസയിലെ കേന്ദ്രപാറ ജില്ലയിൽ നിന്ന് ജോലി തേടി എത്തിയത്. അച്ഛനും അമ്മയ്ക്കും മലയാളമറിയില്ല. എങ്കിലും ഓം പ്രകാശ് ജേതിയെ ഏഴാം ക്ലാസുവരെ സരസ്വതി വിദ്യാനികേതനിൽ പഠിപ്പിച്ചു. 8ാം ക്ളാസിൽ കുറ്റിക്കാട്ടൂർ ഹൈസ്കൂളിൽ ചേർന്നു. അനിയത്തി സുഭാഷിണി ജേതി ഇതേ സ്കൂളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ്. ചേച്ചി സ്വർണ പ്രഭ ഒറീസയിൽ ഡിഗ്രിക്ക് പഠിക്കുന്നു.

ആനകുഴിക്കര അഞ്ജലി ക്വാട്ടേർസിലാണ് ഇപ്പോൾ താമസം. ഓം പ്രകാശിന് പ്ലസ്ടു സയൻസെടുത്ത് ഡോക്ടറാകാനാണ് ആഗ്രഹം. ഓം പ്രകാശിന്റെ മികച്ച വിജയത്തിൽ അദ്ധ്യാപകരും വിദ്യാർത്ഥികളും സ്കൂൾ പി.ടി.എയും അഭിനന്ദിച്ചു. എസ്.എസ്.എൽ.സി പരീക്ഷയിൽ ‌ഏറ്റവും വിദ്യാർത്ഥികൾ പരീക്ഷ എഴുതിയ വിദ്യാലയങ്ങളിൽ ഒന്നാണ് കുറ്റിക്കാട്ടൂർ സ്കൂൾ. 421 കുട്ടികൾ. ഇതിൽ 409 പേർ പാസായി. 24 വിദ്യാർത്ഥികൾ എല്ലാ വിഷയത്തിലും എ പ്ളസ് നേടി.