ബേപ്പൂർ: മത്സ്യ തൊഴിലാളി മേഖലയിലെ സ്കൂളുകൾക്ക് കിഫ്ബി പദ്ധതിയിൽ നിർമ്മിക്കുന്ന കെട്ടിടങ്ങളുടെ നിർമ്മാണ ഉദ്ഘാടനം വീഡിയോ കോൺഫറൻസിലൂടെ മുഖ്യമന്ത്രി നിർവഹിച്ചു. ബേപ്പൂർ ഗവ. എൽ.പി സ്കൂളിന് 49 ലക്ഷം രൂപയും ചാലിയം ഗവ. ഫിഷറീസ് സ്കൂളിന് 59 ലക്ഷം രൂപയുമാണ് അനുവദിച്ചത്. 64.23 കോടി രൂപ ചെലവഴിച്ച് തീരദേശ മേഖലയിൽ സർക്കാർ നിർമ്മിക്കുന്ന 56 സ്കൂൾ കെട്ടിടങ്ങളുടെ നിർമ്മാണ പ്രവൃത്തിയാണ് ഉദ്ഘാടനം ചെയ്തത്. ബേപ്പൂർ ചാലിയം സ്കൂളുകളുടെ നിർമ്മാണ ഉദ്ഘാടനം ബേപ്പൂർ സൗത്ത് ജി.എൽ.പി സ്കൂളിൽ വി.കെ.സി മമ്മദ് കോയ എം.എൽ.എയുടെ നേതൃത്വത്തിൽ നടന്നു. ചാലിയം സ്കൂളിന്റെ നിർമ്മാണ ഉദ്ഘാടനം കടലുണ്ടി പഞ്ചായത്ത് പ്രസിഡന്റ് സി.കെ അജയകുമാറും നിർവഹിച്ചു. പഞ്ചായത്ത് ആരോഗ്യ- വിദ്യാഭ്യാസ സമിതി ചെയർമാൻ പിലാക്കാട്ട് ഷൺമുഖൻ, പഞ്ചായത്ത് അംഗങ്ങളായ ബിച്ചിക്കോയ, ആയിഷ ബീവി, ജനപ്രതിനിധികൾ പി.ടി.എ ഭാരവാഹികൾ, സ്കൂൾ അധികൃതർ തുടങ്ങിയവർ പങ്കെടുത്തു.