കോഴിക്കോട്: കൊവിഡിനൊപ്പം മഴക്കാലമായതോടെ പക‌ർച്ചപ്പനി പടരുന്നത് ഭീതി ഉയർത്തുന്നു. കോഴിക്കോട് ബീച്ച് ആശുപത്രി, താമരശേരി താലൂക്ക് ആശുപത്രി, മുക്കം,ബാലുശേരി എന്നിവിടങ്ങളിലെല്ലാം ദിവസേന നൂറുകണക്കിന് രോഗികളാണ് പനിക്ക് ചികിത്സ തേടിയെത്തുന്നത്. കൂടാതെ ജില്ലയിലെ ഹെൽത്ത് സെന്ററുകളിൽ ചികിത്സ തേടിയെത്തുന്നവരുടെ എണ്ണം ദിവസവും കൂടുകയാണ്.കൊവിഡ് ഭീതി നിലനിൽക്കുന്നതിനാൽ പനിക്ക് ചികിത്സ തേടിയെത്തുന്നവർ പലരും കൊവിഡ് ടെസ്​റ്റ് ആവശ്യപ്പെടുന്നത് ആരോഗ്യപ്രവർത്തകരെ കുഴക്കിയിരിക്കുകയാണ്.

കൊവിഡിന്റെയും വൈറൽ പനിയുടെയും പ്രാരംഭ ലക്ഷണങ്ങൾ ഒരുപോലെയായതാണ് മഴക്കാല പനിയെ കൂടുതൽ ഭയക്കുന്നത്. മഴ തുടങ്ങിയതോടെ മാലിന്യങ്ങൾ അഴുകി പരക്കുന്നത് കൊതുകുകൾ പെരുകുന്നതിന് കാരണമായി.മഴക്കാല പൂർവ ശുചീകരണം പൂർത്തിയാക്കാത്തത് പല പ്രദേശത്തും തിരിച്ചടിയായിരിക്കുകയാണ്.

പനി പടർന്നു പിടിക്കുന്നതോടെ സ്വകാര്യ ലാബുകളും കൊള്ള തുടങ്ങിയിട്ടുണ്ട്. രക്ത പരിശോധനകൾക്ക് വ്യത്യസ്ത നിരക്കുകളാണ് ഓരോ ലാബുകളും ഈടാക്കുന്നതെന്ന ആക്ഷേപം ഉയരുന്നുണ്ട്. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ ഉൾപ്പെടെ സർക്കാർ ആശുപത്രികളിൽ ആവശ്യത്തിന് ജീവനക്കാരില്ലാത്തത് രോഗികൾക്ക് തിരിച്ചടിയാവുന്നു.