കോഴിക്കോട്: കൊവിഡ് വ്യാപനം തടയുന്നതിനായി ജില്ലയിൽ കൊവിഡ് പരിശോധനകളുടെ എണ്ണം കൂട്ടുമെന്ന് മന്ത്രി ടി.പി.രാമകൃഷ്ണൻ പറഞ്ഞു. കളക്ടറേറ്റിൽ നടന്ന കൊവിഡ് അവലോകന യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ദിനംപ്രതി 1,000 പേരുടെ സാമ്പിൾ പരിശോധിക്കുന്നതിനാവശ്യമായ സൗകര്യമാണ് ഒരുക്കുന്നത്. സ്രവ പരിശോധന ഫലം കുറഞ്ഞ സമയത്തിനുള്ളിൽ ലഭിക്കുന്ന ആന്റിജൻ ടെസ്റ്റാണ് നടത്തുക. തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് കീഴിലുള്ള കൺട്രോൾ റൂമുകളുടെയും ദ്രുതകർമ്മ സേനകളുടെയും പ്രവർത്തനം ഊർജ്ജിതമാക്കും.വിദേശ രാജ്യങ്ങളിൽ നിന്നെത്തുന്നവർ കൊവിഡ് ജാഗ്രത പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. വരുന്നവർക്ക് ക്വാറന്റൈനിൽ സൗകര്യങ്ങൾ ക്രമീകരിക്കുന്നതിന് തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് വിവരം ലഭിക്കണമെങ്കിൽ രജിസ്‌ട്രേഷൻ അത്യാവശ്യമാണ്. മാർക്കറ്റുകളിലും ഹാർബറുകളിലും കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. രോഗവ്യാപനം തടയുന്നതിനായി ജില്ലാ ഭരണകൂടം വിവിധ മേഖലകളിൽ ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങളോട് എല്ലാവരും സഹകരിക്കണമെന്നും മന്ത്രി അഭ്യർത്ഥിച്ചു. കളക്ടർ സാംബശിവറാവു, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.വി.ജയശ്രീ , സിറ്റി പൊലീസ് ചീഫ് എ.വി.ജോർജ്, റൂറൽ എസ്.പി ഡോ.എ. ശ്രീനിവാസ്, ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.