കോഴിക്കോട്: ഒറ്റത്തവണ ചാർജിംഗിൽ 120 മുതൽ 450 കിലോമീറ്റർ വരെ മൈലേജുള്ള കാർ, സോളാർ യു.പി.എസ് തുടങ്ങിയ വിപ്ലവ പദ്ധതിയുമായി അനർട്ട് വരുന്നു. ആദ്യഘട്ടത്തിൽ സർക്കാരിന്റെ വിവിധ വകുപ്പുകളിലെ കാറുകൾ ഇലക്ട്രിക്കാക്കും. സർക്കാരിന്റെ ഇലക്ട്രിക് വാഹന നയം നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് വകുപ്പുകൾക്ക് ഇലക്ട്രിക് കാറുകൾ നൽകുന്ന ഇ മൊബിലിറ്റി പ്രോജക്ട് പദ്ധതി ആവിഷ്‌കരിച്ചത്. വകുപ്പുകൾ കോൺട്രാക്ട് വ്യവസ്ഥയിൽ ഉപയോഗിക്കുന്ന ഡീസൽ, പെട്രോൾ വാഹനങ്ങൾക്ക് പകരമാണിത്.
അഞ്ചു മുതൽ എട്ടു വർഷം വരെ കരാർ വ്യവസ്ഥയിൽ നൽകുന്ന ഇലക്ട്രിക് കാറുകല്ലാം പുതിയതാണ്. അറ്റകുറ്റപ്പണിയ്‌ക്ക് കൈയിൽ നിന്ന് കാശ് ഇടയ്‌ക്കിടെ ചെലവാക്കേണ്ടി വരില്ല. 24 മണിക്കൂർ പ്രവർത്തിക്കുന്ന പൊതു ഇലക്ട്രിക്കൽ ചാർജിംഗ് സ്റ്റേഷൻ സ്ഥാപിക്കാനും പദ്ധതിയുണ്ടെന്ന് അനർട്ട് ജില്ലാ എൻജിനിയർ മുഹമ്മദ് റാഷിദ് അറിയിച്ചു.
സർക്കാർ സ്ഥാപനങ്ങളിൽ 30 ശതമാനം സബ്‌സിഡിയോടെ ഒന്നു മുതൽ 25 കിലോവാട്ട് വരെ വൈദ്യുതി ശേഷിയുള്ള സോളാർ ഓൺലൈൻ യു.പി.എസ് സ്ഥാപിക്കുന്ന പദ്ധതിക്കും രൂപം നൽകി. പകൽ സമയത്ത് വൈദ്യുതി ഉപയോഗം കൂടുതലുള്ള സ്ഥാപനങ്ങളിൽ സ്ഥിരതയോടെ നിലനിർത്തുന്നതിനുള്ള സംവിധാനമാണ് സോളാർ ഓൺലൈൻ യു.പി.എസ്. വൈദ്യുതി ഉപയോഗമനുസരിച്ച് വ്യത്യസ്‌ത യു.പി.എസുകൾ ലഭ്യമാണ്. നിർമ്മാണത്തിന് 30 ശതമാനം തുക സബ്‌സിഡിയായി ലഭിക്കും.
കെ.എസ്.ഇ.ബിയിൽ നിന്ന് കാർഷിക കണക്ഷൻ എടുത്ത് പ്രവർത്തിക്കുന്ന പമ്പുകൾ ഊർജ്ജസ്വലമാക്കുന്നതിനും കർഷകർക്ക് അധിക വരുമാനം ലഭിക്കുന്നതിനുമായി സോളാർ സംവിധാനത്തിലേക്ക് മാറ്റുന്ന പദ്ധതിക്കും അനർട്ട് നേതൃത്വം നൽകുന്നുണ്ട്. ഇങ്ങനെ സ്ഥാപിക്കുന്ന സോളാറിൽ നിന്നുള്ള അധിക വൈദ്യുതി കെ.എസ്.ഇ.ബി ഗ്രിഡിലേക്ക് നൽകി വരുമാനമുണ്ടാക്കാം.