കോഴിക്കോട്: കുടുംബത്തിലെ മുതിർന്ന പൗരന്മാരെ സംരക്ഷിക്കാതെ ഉപദ്രവിച്ചാൽ പരാതിപ്പെടണമെന്ന് മെയിന്റനൻസ് ട്രൈബ്യൂണൽ. കസബ വില്ലേജ് പരിധിയിൽ വരുന്ന പ്രദേശത്ത് മകൻ വീട്ടിൽ നിന്ന് പുറത്താക്കിയെന്നും ദേഹോപദ്രവം ഏൽപിച്ചുവെന്നും കാണിച്ച് വയോധിക നൽകിയ പരാതി പരിഗണിക്കവേയാണ് ഇക്കാര്യം അറിയിച്ചത്.
വയോധികയുടെ പരാതി സ്വീകരിച്ച് അടുത്ത ദിവസം തന്നെ ഇരുകക്ഷികളെയും കോടതിയിൽ വിളിച്ചുവരുത്തി വിചാരണ നടത്തി. സബ്കളക്ടറുടെ ഇടപെടലിലൂടെ വയോധികയെ വീട്ടിലെത്തിച്ച് മതിയായ സംരക്ഷണം ഉറപ്പുവരുത്താൻ ബന്ധപ്പെട്ട സ്റ്റേഷൻ ഫൗസ് ഓഫീസർക്ക് നിർദ്ദേശം നൽകുകയും ചെയ്തു.
വയോജനങ്ങൾക്കെതിരെയുള്ള അതിക്രമങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ കോഴിക്കോട്, താമരശ്ശേരി താലൂക്ക് പരിധിയിൽപെട്ടവർക്ക് കോഴിക്കോട് സിവിൽ സ്റ്റേഷനിലെ സബ്കളക്ടറുടെ കാര്യാലയത്തെയും വടകര, കൊയിലാണ്ടി താലൂക്കിൽപെട്ടവർക്ക് വടകര റവന്യൂ ഡിവിഷണൽ ഓഫീസിൽ പ്രവർത്തിക്കുന്ന വടകര മെയിന്റനൻസ് ട്രൈബ്യൂണലിനെയും സമീപിക്കാം.
മുതിർന്ന പൗരൻമാരെ ഉപേക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ ഏതെങ്കിലും സ്ഥലത്ത് ഉപേക്ഷിച്ചു പോവുകയാണെങ്കിൽ മൂന്നുമാസം തടവോ അയ്യായിരം രൂപ പിഴയോ രണ്ടും കൂടിയോ ശിക്ഷ ലഭിക്കും. മുതിർന്ന പൗരൻന്മാരെ സംരക്ഷിക്കാത്ത മക്കളിൽ നിന്ന് പ്രതിമാസം 10,000 രൂപ വരെ ജീവിത ചെലവ് ഈടാക്കി നൽകുന്നതിനുള്ള ഉത്തരവ് പുറപ്പെടുവിക്കാൻ മെയിന്റനൻസ് ട്രൈബ്യൂണലിന് അധികാരമുണ്ടെന്നും സബ് കളക്ടർ അറിയിച്ചു.