റോഡിന്റെ ഒരു ഭാഗം കണ്ടെയ്‌മെന്റ്‌സോണും മറുഭാഗം നിയന്ത്രണം ഇല്ലാതെയും
സുൽത്താൻ ബത്തേരി: ബത്തേരി പട്ടണത്തിൽ റോഡിന്റെ ഒരുവശം മാത്രം കണ്ടെയ്ൻമെന്റ് സോണാക്കിയ ജില്ല ഭരണകൂടത്തിന്റെ പ്രഖ്യാപനം ആരോഗ്യവകുപ്പിന്റെ പിടിപ്പുകേട്‌കൊണ്ട് സംഭവിച്ചതാണെന്നും സോൺ പ്രഖ്യാപനം പുനപരിശോധിക്കണമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി ആവശ്യപ്പെട്ടു.
ബത്തേരിയിൽ ട്രക്ക് ഡ്രൈവർ കടകളിൽ കയറി എന്ന കാരണത്താൽ സമ്പർക്ക റിപ്പോർട്ട് ഇല്ലാതെ തന്നെ ടൗൺ മുഴുവൻ അടച്ചുപൂട്ടിയത് ന്യായീകരിക്കാൻ കഴിയില്ല. നിരവധി ലോറികളാണ് മറ്റു സംസ്ഥാനങ്ങളിൽ നിന്ന് ഇവിടെ എത്തി ചരക്ക് ഇറക്കിപോകുന്നത്. ശക്തമായ മാനദണ്ഡങ്ങൾ ഉണ്ടാക്കി വാഹനങ്ങൾക്ക് കർശന നിർദ്ദേശം നൽകുകയാണ് വേണ്ടത്. കൊവിഡ് രോഗി കയറിയിറങ്ങിയ കടകളും സമീപമുള്ള സ്ഥാപനങ്ങളും അടപ്പിക്കുന്നതിന് പകരം ടൗൺ ഒന്നടങ്കം അടപ്പിച്ചത് അംഗീകരിക്കാനാവില്ല.
കൽപ്പറ്റ,ബത്തേരി, പാടിച്ചിറ,കോറോം, മക്കിയാട്, കാട്ടിക്കുളം തുടങ്ങിയ ടൗണുകൾ ഇപ്പോൾ കണ്ടെയ്ൻമെന്റ് സോണുകളാണ്. ടൗണുകൾ കണ്ടെയ്ൻമെന്റ് സോണാകാൻ കാരണം വ്യാപാര സ്ഥാപനങ്ങളുടെ ഉത്തരവാദിത്വകുറവ്‌കൊണ്ടല്ല. മറിച്ച് ആരോഗ്യവകുപ്പിലെ ചില ഉദ്യോഗസ്ഥരുടെ വിഴ്ചക്കുറവ്‌കൊണ്ടാണെന്ന് ബത്തേരി യൂണിറ്റ് കമ്മറ്റി കുറ്റപ്പെടുത്തി.
കാര്യങ്ങൾ പഠിക്കാതെ ടൗണുകൾ അടച്ചിടുന്ന ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം വലിയ സാമ്പത്തിക പ്രതിസന്ധിക്കാണ് ഇടവരുത്തുന്നതെന്ന് മർച്ചന്റ് അസോസിയേഷൻ കുറ്റപ്പെടുത്തി.
അശാസ്ത്രിയമെന്ന് നഗരസഭ
ബത്തേരി നഗരത്തിലെ കണ്ടെയ്ൻമെന്റ്‌സോൺ പ്രഖ്യാപനം അശാസ്ത്രീയമാണെന്ന് ബത്തേരി മുനിസിപ്പൽ ചെയർമാൻ ടി.എൽ.സാബു പറഞ്ഞു.
പട്ടണത്തിലെ റോഡിന്റെ ഒരു ഭാഗം അടയ്ക്കുകയും മറുഭാഗം തുറക്കുകയും ചെയ്യുന്ന നടപടി തിരുത്തണം.
കോയമ്പത്തൂരിൽ നിന്നെത്തിയ ട്രക്ക് ഡ്രൈവർ ഈ മാസം രണ്ടിനാണ് ബത്തേരിയിലെത്തിയത്. ഇയാൾ ഒരു ഹോട്ടലിലും മൊബൈൽഷോപ്പിലും കയറി. പിന്നീട് ക്വാറന്റൈനിൽ പ്രവേശിച്ച ഇയാൾക്ക് ആറ് ദിവസം കഴിഞ്ഞാണ് കൊവിഡ് സ്ഥിരീകരിച്ചത്. എട്ട് ദിവസം കഴിഞ്ഞ് കണ്ടെയ്ൻമെന്റ് സോണാക്കുന്നത് അർത്ഥമില്ലാത്തതാണ്.
രോഗി കയറിയഹോട്ടലും മൊബൈൽഷോപ്പും പരിസരവും മാത്രം അടച്ചിടാനാണ് നഗരസഭ പറഞ്ഞത്. നഗരത്തിന്റെ ഒരുഭാഗം മൊത്തമായി അടയ്ക്കാൻ നഗരസഭ നിർദ്ദേശിച്ചിട്ടില്ല. തൊടുവട്ടിയിലെ പെട്രോൾ പമ്പിൽ നിന്ന് ഇയാൾ പെട്രോൾ അടിച്ചതിനാൽ ആ പ്രദേശം മുഴുവൻ അടച്ചിടുന്നതിനോടും നഗരസഭയ്ക്ക്‌യോജിപ്പില്ലെന്ന് ചെയർമാൻ പറഞ്ഞു.
.......
തുഗ്ലക് പരിഷ്‌ക്കാരം