പേരാമ്പ്ര: നന്മയും ത്യാഗവും കൈ മുതലാക്കിയ കമ്മ്യൂണിസ്റ്റായിരുന്നു വിടപറഞ്ഞ കല്പത്തൂരിലെ ഏരത്തുകണ്ടി കുഞ്ഞിരാമൻ നായർ. പഴയ കുറുമ്പ്രനാട് താലൂക്കിൽ കമ്മ്യൂണിസ്റ്റ് -കർഷക പ്രസ്ഥാനങ്ങൾ കെട്ടിപടുക്കുന്നതിൽ പങ്ക് വഹിച്ചു. താലൂക്ക് കമ്മിറ്റി അംഗം, കൂത്താളി കർഷക സമര വോളണ്ടിയർ, കിസാൻ സഭ പേരാമ്പ്ര മണ്ഡലം സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു.
എം. കുമാരൻ, എം.കെ കേളു, കെ.എം കണ്ണൻ, രക്തസാക്ഷി കെ. ചോയി എന്നിവരോടൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. 1942ൽ ഇരുപതാം വയസിൽ പാർട്ടി അംഗമായി. 1964ൽ കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ പിളർപ്പിനെ തുടർന്ന് സി.പി.ഐയിൽ അടിയുറച്ച് നിന്നു. കൽപത്തൂരിലെ ഐക്യ നാണയ സംഘമാണ് പിന്നീട് കൽപത്തൂർ സർവീസ് സഹകരണ ബാങ്ക് ആയി വളർന്നത്. ഇതിന്റെ രൂപീകരണത്തിൽ ഇദ്ദേഹം ഉണ്ടായിരുന്നു. അമ്പെയ്ത്ത്, കോൽകളി തുടങ്ങിയ കലാ കായിക വിനോദങ്ങളിലും സജീവമായിരുന്നു. രാഷ്ട്രീയ നേതാക്കൾ, സാമൂഹ്യ പ്രവർത്തകർ, ജനപ്രതിനിധികൾ എന്നിവർ അന്ത്യാഞ്ജലി അർപ്പിച്ചു. രാമല്ലൂരിൽ നടന്ന അനുശോചന യോഗത്തിൽ ശശികുമാർ അമ്പാളി സ്വാഗതം പറഞ്ഞു. ഗ്രാമ പഞ്ചായത്ത് അംഗം കെ.യു ജിതേഷ് അദ്ധ്യക്ഷത വഹിച്ചു. ടി.സി. കുഞ്ഞമ്മത്, കെ.കെ. ഭാസ്‌കരൻ, കെ.സി ബാബുരാജ്, എം. ബാലൻ, സുഭാഷ്, ടി.എം ബാലകൃഷ്ണൻ, വി. ഷാജു, ടി.എം കരുണൻ എന്നിവർ പ്രസംഗിച്ചു. നേതാക്കളായ ബിനോയ് വിശ്വം, ടി.വി. ബാലൻ, കെ.കെ. ബാലൻ, ഇ. കുഞ്ഞിരാമൻ,
യൂസഫ് കോറോത്ത്, പി.കെ. സുരേഷ്, എന്നിവർ അനുശോചിച്ചു.